ആകൃതിയിലും ശരീരഘടനയിലും വേറിട്ട് നില്‍ക്കുന്ന ആന, കരയിലെ ഏറ്റവും വലിയ മൃഗമാണ്. മനുഷ്യന്‍ മെരുക്കി വളര്‍ത്തിയ മൃഗങ്ങളില്‍ ഏറ്റവും അനുസരണയും കൂറും ഉള്ളത് ആനയ്ക്ക് തന്നെ. എക്കാലവും ഐശ്വര്യത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായിരുന്നു ആന. കേരളത്തില്‍ പ്രത്യേകിച്ച്. മഹാഭാരതയുദ്ധത്തിന്റെ കാലഘട്ടത്തില്‍ തന്നെ ആനയ്ക്ക് എത്രമാത്രം സ്ഥാനമുണ്ടായിരുന്നു എന്നതില്‍ നിന്ന് ആനയെ മനുഷ്യന്‍ സഹചാരിയാക്കിയിട്ട് എത്രയോ കാലമായി എന്ന് നമുക്ക് മനസ്സിലാക്കാം.
പ്രധാനമായും രണ്ട് വര്‍ഗ്ഗത്തിലുള്ള ആനയാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ഏഷ്യന്‍ ആനയും പിന്നെ ആഫ്രിക്കന്‍ ആനയും. ആഫ്രിക്കന്‍ ആനയ്ക്ക് ഏഷ്യന്‍ ആനയെക്കാള്‍ വലിപ്പവും ഭാരവും കൂടുതലാണ്. ആഫ്രിക്കന്‍ ആനകളിലെ പിടിയാനകള്‍ക്കും (പെണ്‍ ആന) കൊമ്പുണ്ട്, നമ്മുടെ ആനകളില്‍ പിടിയാനയ്ക്ക് കൊമ്പില്ല, കൊമ്പുള്ളതുകൊണ്ട് ആണ്‍ ആനയെ നമ്മള്‍ കൊമ്പന്‍ എന്ന് വിളിക്കുന്നു. ആഫ്രിക്കന്‍ ആനയ്ക്ക് ചെവികളും കൊമ്പുകളും ഏഷ്യന്‍ ആനയെക്കാള്‍ വലുതാണ്. പക്ഷേ, മുഖത്തിന്റെ വലിപ്പം, മൊത്തം ശരീരവുമായി നോക്കുമ്പോള്‍ ചെറുതാണ്. നമ്മുടെ കൊമ്പന്റെ തലയെടുപ്പ് ആഫ്രിക്കന്‍ ആനയ്ക്ക് ഇല്ല എന്നര്‍ത്ഥം. ആഫ്രിക്കന്‍ ആനയുടെ നടുഭാഗം താഴ്ന്നിരിക്കും.
ആഫ്രിക്കന്‍ ആന
കേരളത്തിലെ ആന
നമ്മുടെ ഭാരതത്തില്‍, കേരളത്തിനു പുറമേ കര്‍ണ്ണാടകം, തമിഴ്‌നാട്, ബീഹാര്‍, ആസ്സാം എന്നിവിടങ്ങളിലാണ് ആനകളെ കാണുന്നത്. എന്നാല്‍ രൂപഭംഗിയില്‍ മികച്ചവര്‍ കേരളത്തിലുള്ളവര്‍ തന്നെ.
ആനയ്ക്ക് കാഴ്ചശക്തി വളരെ കുറവാണ്. ഘ്രാണശക്തിയും കേള്‍വിശക്തിയും വളരെ മികച്ചതുമാണ്. ആനയ്ക്ക് സാധാരണയായി എട്ട് പല്ലുകളാണുള്ളത്. ജീവിതത്തില്‍ ആറ് പ്രാവശ്യം പല്ല് പുതുതായി ഉണ്ടാകുന്നു. വായുടെ ഉള്‍ഭാഗത്ത് പുതിയ പല്ലുകള്‍ ഉണ്ടാകുമ്പോള്‍ മുന്‍പിലുള്ള പല്ലുകള്‍ വീണ്ടും മുന്നിലേയ്ക്ക് നീങ്ങുകയും പിന്നെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. എന്നാല്‍ ഏതാണ്ട് നാല്പത് വയസ്സില്‍ മുളയ്ക്കുന്ന ആറാം സെറ്റ് പല്ല് അവന്റെ അവസാനകാലം വരെയും നിലനില്‍ക്കുന്നു.
ആനയുടെ നാക്ക് പുറത്തേക്ക് നീട്ടുവാന്‍ സാധിക്കുകയില്ല. എപ്പോഴും വെള്ളം ഇഷ്ടപ്പെടുന്ന ഇവന്‍ നല്ല നീന്തല്‍ക്കാരന്‍ കൂടിയാണ്. മണിക്കൂറില്‍ ഏതാണ്ട് നാലു കിലോമീറ്റര്‍ വേഗത്തില്‍ നടക്കുകയും 25 കിലോമീറ്റര്‍ വേഗത്തില്‍ ഓടുകയും ചെയ്യുന്ന ആന ദിവസവും ഏതാണ്ട് 250 ലിറ്റര്‍ വെള്ളന്‍ അകത്താക്കുന്നു.
തികഞ്ഞ സസ്യാഹാരിയായ ആനയ്ക്ക് ദിവസവും അതിന്റെ ശരീരഭാരത്തിന്റെ അഞ്ച് ശതമാനത്തിന് തുല്യമായ തൂക്കം പച്ചത്തീറ്റ വേണമെന്നാണ് കണക്ക്. സാധാരണ മൂന്ന് മണിക്കൂറോളം മാത്രമേ ആന ഉറങ്ങാറുള്ളൂ. ബാക്കി സമയം മിക്കവാറും തീറ്റ തന്നെയായിരിക്കും അവന്. കൂടുതലും നാരുള്ള ഭക്ഷണമാണ് ആന കഴിക്കുന്നത്, പക്ഷേ ശരീരവലുപ്പത്തിനൊത്തതല്ലാത്ത തീരെ ചെറിയ വായില്‍ കുറച്ചു കുറച്ചായാണ് അവന്റെ ഭക്ഷണം. നന്നായി ചവച്ചരച്ച് കഴിക്കാത്തതു കൊണ്ട് കഴിക്കുന്നതിന്റെ ഏതാണ്ട് 60ശതമാനം ദഹിക്കാതെ വിസര്‍ജ്ജിക്കപ്പെടുന്നു. ആനപ്പിണ്ടത്തില്‍ നാരുകള്‍ കാണുന്നത് അതുകൊണ്ടാണ്.
ഏതാണ്ട് 15 വയസ്സോടെ പ്രായപൂര്‍ത്തിയാകുന്ന ആനയുടെ ഗര്‍ഭകാലം 24 മാസമാണ്. ജനിച്ച് ഏതാണ്ട് ആറു മാസം ആയാലേ ആനക്കുട്ടിക്ക് തുമ്പിക്കൈയില്‍ വെള്ളമെടുത്ത് കുടിക്കാന്‍ പറ്റൂ. ആനയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 70 വര്‍ഷമാണ്.
നമ്മുടെ നാട്ടില്‍ 1973 ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ആനയെ വന്യജീവികളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ആനയുടമകളും പാപ്പാന്മാരും ചില നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമാണ്.
നമ്മുടെ നാട്ടില്‍ തടിപിടിക്കല്‍ മുതല്‍ ഉത്സവ എഴുന്നള്ളിപ്പ് വരെ എല്ലായിടത്തും ആന ഒരു താരം തന്നെയാണ്.
ഒരു കുസൃതികുട്ടനെ നമുക്ക് കാണാം.
ഇനി ഒരു ആനയെ വാരയ്ക്കാന്‍പഠിക്കാം അല്ലേ...