നാമെല്ലാം എറ്റവും ആദ്യം അനുകരിച്ച പ്രകൃതിയിലെ ശബ്ദം കാക്കയുടെതാണല്ലോ. കാക്കക്കൊപ്പം കാ..കാ.. എന്നു വിളിച്ചു മത്സരിക്കാത്ത കുഞ്ഞുങ്ങളുണ്ടോ…
പക്ഷികളിൽ ഏറ്റവും ബുദ്ധിയുള്ളത് കാക്കക്കാണത്രേ. ഇത്തിറ്റി വെള്ളം നിറച്ച കുടത്തിൽ കല്ലു പെറുക്കിയിട്ട് ജലനിരപ്പുയർത്തി ദാഹം തീർക്കാൻ വേറെ ഏതു പക്ഷിക്കാണ് സാധിക്കുക…
കടിച്ചാൽ പൊട്ടാത്ത ഒരു കായ, തന്റെ ബുദ്ധിയുപയോഗിച്ച് തല്ലിപ്പൊളിച്ച് കഴിക്കുന്ന ഒരു ദൃശ്യം നമുക്ക് കാണാം
ഒരു കുഴലിന്റെ അടിയിൽ നിന്നും ഭക്ഷണം എടുക്കാൻ ഒരു കഷണം കമ്പ് ഉപയൊഗപ്പെടുത്തുന്നത് നോക്കൂ...
വീഡിയോ കടപ്പാട് : യൂട്യൂബ്
മറ്റു പക്ഷികളെ അപേക്ഷിച്ച് കാക്കക്ക്, അതിന്റെ ശരീരത്തിന്റെ തൂക്കത്തിന്നനുപാതികമായി തലച്ചോറിന് തൂക്കം കൂടുതലാണത്രേ. കാര്യഗ്ഗ്രാഹ്യത്തിനും ഓർമ്മശക്തിക്കും വളരെ പ്രാപ്തമാണത്രേ കാക്കയുടെ തലച്ചോർ മറ്റു ജീവികളുടെ ശബ്ദം അനുകരിക്കാനും ഈ വിരുതന്മാർ മിടുക്കരാണ്
ഇനി കളി വിട്ട് കാര്യത്തിലേക്ക്। നമ്മുടെ നാട്ടിൽ കാണുന്ന കാക്കക്ക് Corvus splendens എന്നാണ് ശാസ്ത്രീയ നാമം. സാധാരണ 350-400 ഗ്രാം വരെ തൂക്കം ഉള്ള ഇവയ്ക്ക് കറുപ്പും ചാരവും കലർന്ന നിറമാണ്. ആൺ കാക്കയെയും പെൺ കാക്കയെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയുക പ്രയാസം തന്നെ. ഒറ്റത്തവണ 4-5 മുട്ടകൾ വരെയിടും ഇവ; ഇളം നീലയും പച്ചയും കലർന്ന നിറത്തിൽ ചെറിയ തവിട്ട് വരകൾ ഉള്ളതാണ് കാക്കമുട്ടകൾ. 16-17 ദിവസങ്ങൾക്കുള്ളിൽ ഇവ വിരിയും; എതാണ്ട് നാലാഴ്ച്ച കൊണ്ട് കാക്കക്കുഞ്ഞുങ്ങൾ പറന്നു തുടങ്ങും. സ്വന്തം മുട്ടക്ക് അടയിരിക്കാനുള്ള മടികാരണം കുയിലുകൾ കാക്കക്കൂട്ടിൽ മുട്ടയിടാറുണ്ടത്രേ….
കാക്ക മിശ്രഭോജിയായ ഒരു പക്ഷിയാണ്. ധാന്യങ്ങൾ, ചെറിയ പഴങ്ങൾ, കീടങ്ങൾ, പ്രാണികൾ, ചെറു മത്സ്യങ്ങൾ പിന്നെ നമ്മുടെ ചുറ്റുപാടും കാണുന്ന പാഴ്വസ്തുക്കളും, ചവറും ഒക്കെ കാക്കയുടെ ഭക്ഷണം തന്നെ. നമ്മുടെ പരിസരവും ചുറ്റുപാടുകളും ശുചിയായി സൂക്ഷിക്കുന്നതിൽ കാക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
മനുഷ്യരുമായി വളരെ അടുത്ത് സഹവസിക്കുന്നതാണ് കാക്കയുടെ സ്വഭാവം. ജനവാസമുള്ളിടത്തേ സാധാരണ കാക്കയെ കാണാനാവൂ. മനുഷ്യനെ തെല്ലും ഭയമില്ലാത്ത ഇവ, അവസരം കിട്ടിയാൽ മനുഷ്യനെ കൂട്ടത്തോടെ ആക്രമിക്കാനും മുതിരാറുണ്ട്. കാക്ക, കൈയ്യിൽ നിന്നു ഭക്ഷണം തട്ടിപ്പറിക്കാത്ത ആരെങ്കിലും നമ്മുടെ ഇടയിൽ ഉണ്ടോ?
കാക്കയുടെ ബുദ്ധിശക്തിയെക്കുറിച്ച് ഒന്നുകൂടി വ്യക്തമാകാൻ പത്തൊൻപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ചിന്തകനായ ഹെന്റി വാർഡ് ബീച്ചറുടെ വാക്കുകൾ ശ്രദ്ധിക്കൂ...
Henry Ward Beecher"If men had wings and bore black feathers, few of them would be clever enough to be crows"