കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Wednesday, December 1, 2010

ഉപകാരത്തിന്റെ കഥ.... അനുബന്ധം....

                        കുഞ്ഞുങ്ങളേ, ഒരു ജീവജാലത്തെയും ഉപദ്രവിക്കരുത് എന്ന സന്ദേശമാണ് ഈ കഥയുടെ ഉദ്ദേശ്യം. ഇന്ന് നമ്മുടെ ജീവിതത്തില്‍ ഈച്ചയെക്കൊണ്ട് പ്രത്യേകിച്ച് വലിയ ഉപകാരം ഒന്നും തന്നെയില്ല. എന്നാല്‍ വൃത്തിയില്ലാത്ത ചുറ്റുപാടില്‍ മുട്ടയിട്ട് പെരുകുന്ന ഇവ പലപ്പോഴും പലതരം അസുഖങ്ങള്‍ പരത്തുകയും ചെയ്യും. അതായത്, നമ്മുടെ പരിസരം നാം ശുചിയായി സൂക്ഷിച്ചാല്‍ അവിടെ ഈച്ചകള്‍ ഉണ്ടാവില്ല തന്നെ. വൃത്തിയില്ലാത്ത ചുറ്റുപാട് ഉണ്ടാക്കിയിട്ട് ഈച്ചയെ പഴിച്ചിട്ട് കാര്യമില്ല. അതിന് വളരാനുള്ള അന്തരീക്ഷമുണ്ടായാല്‍ ഈച്ച പെരുകുക തന്നെ ചെയ്യും. (കൂട്ടുകാരേ, ഇനി, ഈച്ചയെക്കൊണ്ട് മനുഷ്യന് എന്തെങ്കിലും ഉപയോഗം ഉണ്ടെങ്കില്‍ അത് കമന്റിലൂടെ പങ്കു വയ്ക്കണേ).
                      ഇനി നമുക്ക് ഇവനെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം... ലോകത്ത് ഏതാണ്ട് 3 ലക്ഷം ഇനത്തിലുള്ള ഈച്ചകള്‍ ഉണ്ട്. ഒരിഞ്ചിന്റെ ഇരുപതിലൊരംശം മുതല്‍ മൂന്നിഞ്ച് വരെ നീളമുള്ളവ. 30 ദിവസത്തോളം വരെ ആയുസ്സുള്ള ഇവ തന്റെ ജീവിതകാലത്തില്‍ ഏതാണ്ട് 3000 മുട്ടകള്‍ വരെയിടും; ഒറ്റത്തവണ 75 മുതല്‍ 150 വരെ മുട്ടകളിടും!!! സാധാരണ ഷഡ്പദങ്ങള്‍ക്ക് നാല് ചിറകുകള്‍ ഉള്ളപ്പോള്‍ ഈച്ചയ്ക്ക് രണ്ട് ചിറകുകളേ ഉള്ളൂ. സെക്കന്റില്‍ 200 പ്രാവശ്യം വരെ ചലിപ്പിച്ചാണ് ഇവന്റെ പറക്കല്‍. നിലം തൊട്ടാലുടനേതന്നെ ചിറകടി നിശ്ചലമാകുകയും ചെയ്യും.
നാനൂറ് ലെണ്‍സുകളോളമുള്ള രണ്ട് കണ്ണുകളാണ് ഇവനുള്ളത്. കാഴ്ചശക്തിയില്‍ അത്ര മെച്ചമല്ലെങ്കിലും പെട്ടെന്നുള്ള ചലനങ്ങള്‍ ഇവന് തിരിച്ചറിയാനാകും. കൊമ്പുകള്‍ കൊണ്ടാണ് ഇവ മണം പിടിക്കുന്നത്.
നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ തീര്‍ച്ചയായും അവിടെ ഈച്ചയുണ്ടാവും. അത് മാലിന്യങ്ങളില്‍ വസിച്ച്, പലതരം അസുഖങ്ങളും പരത്തും. ഈച്ചയെ നശിപ്പിക്കുന്നതിനെക്കാള്‍ നല്ലത് ഈച്ചയ്ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കാതിരിക്കുകയാണ്. ടൈഫോയ്ഡ്, കോളറ, മലമ്പനി, ക്ഷയം, ആന്ത്രാക്സ്, പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ പരത്തുന്നതില്‍ മറ്റ് ചില ജീവികള്‍ക്കും ഉള്ളത് പോലെ തന്നെ ഈച്ചയ്ക്കും വലിയ പങ്കുണ്ട്.

ഈച്ചയെക്കുറിച്ചുള്ള ഒരു ചെറിയ ചിത്രീകരണം കാണാം...

ഈച്ച ആഹാരം കഴിക്കുന്നത് കാണൂ...
ഈച്ചയ്ക്ക് വായ കൊണ്ട് ഭക്ഷിക്കാന്‍ പറ്റാത്തതിനാല്‍ അവ ആഹാരത്തിലേയ്ക്ക് ഉമിനീര്‍ വര്‍ഷിക്കുന്നു. അങ്ങനെ അലിയുന്ന ആഹാരം ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്നു. ഇതാ, ഇത് പോലെ...

ഇനി ഇവനെയൊന്ന് വരച്ച് നോക്കിയാലോ...


Monday, November 1, 2010

കുഞ്ഞ് കുരുവി പറഞ്ഞ സത്യങ്ങള്‍ ..... അനുബന്ധം....

               ഇംഗ്ലീഷില്‍ sparrow എന്നു വിളിക്കുന്ന കുരുവികള്‍ ലോകത്തെമ്പാടും കണ്ടുവരുന്നു. ഒരുപാട് ഇനം കുരുവികള്‍ ഉണ്ട്. എന്നാലും, പൊതുവില്‍ അവയെപ്പറ്റിയുള്ള കുറച്ചു കാര്യങ്ങള്‍ പറയാം.

                 ഏതാണ്ട് 10 മുതല്‍ 20 വരെ സെന്റീമീറ്റര്‍ നീളവും 30 ഗ്രാമോളം ഭാരവും ആണ് സാധാരണ കുരുവികള്‍ക്ക് ഉള്ളത്. 4 – 5 വര്‍ഷം വരെ ആയുസ്സുള്ള കുരുവികള്‍ ഉണ്ട്. സാധാരണ മനുഷ്യവാസമുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. കൊടും കാടുകളിലും മരുഭൂമികളിലും ഇവയെ കാണാറില്ല. ചെറുധാന്യങ്ങളും കീടങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. 30 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇവ പറക്കും, അത്യാവശ്യം വന്നാല്‍ ഒന്ന് നീന്തിരക്ഷപ്പെടാനും ഇവയ്ക്ക് കഴിയും.

                  ആണ്‍കുരുവിയാണ് കൂടുകെട്ടാന്‍ തുടക്കമിടുന്നത്. കൂടികൂട്ടി ഇണയെ ആകര്‍ഷിച്ച് അവര്‍ ഒരു കൊചു കുടുംബം ഉണ്ടാക്കും. ഒരു തവണ ഏതാണ്ട് രണ്ട് - മൂന്ന് മുട്ടകള്‍ വരെ ഇടും. ആണ്‍ കുരുവിയും പെണ്‍കുരുവിയും മാറിമാറി അടയിരുന്ന് 10-15 ദിവസം കൊണ്ട് മുട്ട വിരിയിക്കും. ഏതാണ്ട് രണ്ടാഴ്ച പ്രായമാകുന്നതോടെ കുഞ്ഞ് കുരുവികള്‍ തനിയെ പറന്ന് തുടങ്ങും.

മനുഷ്യന്‍ വേട്ടയാടലിലൂടെ ആഹാരം തേടിയിരുന്നത് കുറച്ച് കൃഷിയിലേയ്ക്ക് ശ്രദ്ധിച്ചുതുടങ്ങിയത് മുതല്‍ കുരുവികള്‍ മനുഷ്യനൊപ്പം കൂടി - ഏതാണ്ട് 10000 വര്‍ഷം മുന്‍പ് തന്നെ. കൃഷിയിടങ്ങളും ഉദ്യാനങ്ങളും ഒക്കെയാണല്ലോ ഇവയുടെ പ്രധാന ഭക്ഷണസ്ത്രോതസുകള്‍. ഇന്ന് വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷി വര്‍ഗ്ഗമാണ് കുരുവികള്‍.

ഇനി നമുക്ക് കുറച്ച് കുരുവികളേ കാണാം..ഇനി ഈ സുന്ദരിയുടെ ഒരു പാട്ട് കേള്‍ക്കാംFriday, October 1, 2010

അലസന് കൂട്ട് അലസന്‍ ....... അനുബന്ധം


കുതിര, വരയന്‍ കുതിര തുടങ്ങിയ വമ്പന്മാരുടെ കുടുംബക്കാരനാണ് കഴുതയും. ഏതാണ്ട് 4000 വര്‍ഷം മുന്‍പ് കാട്ടില്‍ നിന്ന് ഇണക്കിയെടുത്ത് മനുഷ്യനൊപ്പം നിര്‍ത്തിയ കഴുതയ്ക്ക് നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും ഒക്കെ നല്ല സ്വാധീനമുണ്ട്. നമ്മുടെ പഞ്ചതന്ത്രം കഥകളിലും മറ്റും ഇവന്റെ കഥകള്‍ കേട്ടിട്ടില്ലേ? അടിസ്ഥാനപരമായി മരുഭൂമി പോലെ ആഹാരത്തിനു വളരെ ക്ഷാമമുള്ള സ്ഥലങ്ങളിലാണ് ഇവന്റെ ആദ്യകാല ആവാസം. വളരെ പ്രതികൂല കാലാവസ്ഥയിലും, മറ്റ് മൃഗങ്ങള്‍ക്ക് തീര്‍ത്തും ഭക്ഷ്യയോഗ്യമല്ലാത്ത ചെടികള്‍ പോലും അകത്താക്കുന്ന ഇവ, അതുകൊണ്ട് തന്നെ സഞ്ചാരികളുടെയും, വ്യാപാരികളുടെയും ഒക്കെ ഇഷ്ടമൃഗമാണ്. ശരീരഭാരത്തിന്റെ അനുപാതം വച്ച് നോക്കുമ്പോള്‍ ഇവന്‍ കുതിരയെക്കാള്‍ ശക്തനാണ്. പക്ഷേ കുതിരയെപ്പോലെ നല്ല ഓട്ടക്കാരനല്ല.
പൊതുവേ പറയും പോലെ അത്ര മണ്ടനൊന്നുമല്ല കഴുതകള്‍ . ഒരു മടിയും കൂടാതെ ഭാരം ചുമക്കുകയും മറ്റ് ജോലികള്‍ ചെയ്യുകയും ചെയ്യുന്നത് കൊണ്ടാവണം ‘കഴുതയെപ്പോലെ....’ തുടങ്ങിയ പ്രയോഗങ്ങള്‍ വന്നത്. ഇടയന്മാര്‍ തങ്ങളുടെ കാലികളുടെ, പ്രത്യേകിച്ച് ആടുകളുടെ സംരക്ഷണത്തിന് കഴുതയെ ഉപയോഗിക്കാറുണ്ട്. നായ, നരി, കുറുക്കന്‍ തുടങ്ങിയവയോട് സ്വാഭാവികമായി ഇവനുള്ള വെറുപ്പ് തന്നെ കാരണം..... ഇവന്മാരെ കണ്ടാല്‍ത്തന്നെ കഴുതയ്ക്ക് കലിയിളകുമത്രേ....
പിന്നെ, ഒറ്റയ്ക്ക് നടക്കുന്ന പ്രകൃതം അല്ല ഇവന്. ഒരു കൂട്ടമായോ അല്ലെങ്കില്‍ ജോടിയായോ ഒക്കെ മാത്രമേ നമുക്ക് ഇവരെ കാണാന്‍ കഴിയൂ. ഏതാണ്ട് 40 വര്‍ഷം വരെ ജീവിച്ച കഴുതകള്‍ ഉണ്ടത്രേ.... മരുഭൂമിയില്‍ കഴുതക്ക് തന്റെ കൂട്ടുകാരുടെ ശബ്ദം വളരെ ദൂരത്ത് നിന്ന് തന്നെ കേള്‍ക്കാമത്രേ. 12 മാസം ആണ് കഴുതയുടെ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞാണ് ഉണ്ടാവുക. ജനിച്ച് ഏതാനും മിനിട്ടിനുള്ളില്‍ തന്നെ എഴുന്നെറ്റ് നില്‍ക്കാന്‍ കഴുവുള്ള കുഞ്ഞുങ്ങള്‍ ഏതാണ്ട് 6 മാസം വരെ അമ്മയോടൊപ്പം തന്നെ ജീവിക്കും. കുതിരയുടെ കുടുംബക്കാരനാണെന്ന് പറഞ്ഞല്ലോ. കുതിരയ്ക്ക് 64 ക്രോമസോമുകള്‍ ഉള്ളപ്പോള്‍ കഴുതയ്ക്ക് 62 ക്രോമസോമുകളാണ് ഉള്ളത്.

ഇനി ഇവന് പറയാനുള്ളത് കേള്‍ക്കാം, അല്ലേ....


ഇനിയൊരു പാവത്തിനെ കാണൂ, ഭാരം അധികമായപ്പോള്‍ ഇവന്റെ അവസ്ഥ...കഷ്ടം.... പാവം....


ഇനി ഒരു കഴുതരാഗം കേട്ടലോ.....


പതിവ് പോലെ നമുക്ക് ഒരു കഴുതയെ വരയ്ക്കാന്‍ പഠിക്കാം, അല്ലേ....


Wednesday, September 1, 2010

ജീവകാരുണ്യത്തോളം വലുതല്ല മറ്റൊന്നും.... (അനുബന്ധം)


എല്ലാപേര്‍ക്കും അറിയാമല്ലോ പ്രാവിനെ... കാക്ക കഴിഞ്ഞാല്‍ കൂടുതലായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പക്ഷിയാണ് പ്രാവ്. മനുഷ്യനെക്കാള്‍ മുന്‍പെതന്നെ ഭൂമിയില്‍ ജന്മമെടുത്തവയാണത്രേ പ്രാവുകള്‍. വളരെ തണുപ്പുള്ള പ്രദേശങ്ങളിലൊഴികെ ലോകത്തെല്ലായിടത്തും പ്രാവിനെ കാണാം. തികഞ്ഞ സസ്യാഹാരികളായ പ്രാവുകള്‍ 310 - ഒളം ഇനത്തിലുണ്ട്. ഒരു തവണ രണ്ട് മുട്ടകള്‍ ഇടുന്ന പെണ്‍പ്രാവിനൊപ്പം ആണ്‍പ്രാവും മുട്ടകള്‍ക്ക് അടയിരിക്കും. ആദ്യം കൂടു കൂട്ടുന്നതും പിന്നെ ഇണയെ ക്ഷണിക്കുന്നതും ആണ്‍ പ്രാവ് തന്നെ. പ്രാവിന്റെ മാത്രം ഒരു പ്രത്യേകതയുണ്ട്, അതിന്റെ കഴുത്തിന്റെ ഭാഗത്തു നിന്ന് പാലിനു സമാനമായ ഒരു ദ്രാവകം ഉണ്ടാവാറുണ്ട്, കുഞ്ഞുങ്ങള്‍ക്ക് ഈ പാല്‍ കൊടുക്കാറുണ്ട്. സസ്തനികളുടെ പാലില്‍ കാണപ്പെടുന്നതരത്തില്‍ മാംസ്യവും, പ്രോട്ടീനും ഇതിലും ഉണ്ട്. ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ പ്രാവിന്‍ കുഞ്ഞുങ്ങളുടെ തൂക്കം ഇരട്ടിക്കുന്നു. നാലു ദിവസത്തിനു ശേഷമാണ് കുഞ്ഞന്മാര്‍ കണ്ണ് തുറക്കുന്നത്. പരമാവധി രണ്ട് മാസത്തിനുള്ളില്‍ ഇവ കൂട് വിട്ട് സ്വതന്ത്രമായി ജീവിക്കാന്‍ പ്രാപ്തരാകും. പ്രാവുകള്‍ വെള്ളം കുടിക്കുന്നതും മറ്റ് പക്ഷികളില്‍ നിന്ന് വ്യത്യസ്തമായി തന്നെ, കൊക്കുകള്‍ കൊണ്ട് വെള്ളം വലിച്ചുകുടിക്കാറാണ് പതിവ്.

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വരെ വളരെ ദൂരം പറക്കാന്‍ ഇവയ്ക്ക് കഴിയും. പണ്ട് കാലങ്ങളില്‍ സന്ദേശവാഹകരായി പ്രാവുകളെ ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് സൈനിക ആവശ്യത്തിന്. വളരെ ദൂരം ദിശ തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ ഇവക്ക് പ്രത്യേക കഴിവുതന്നെയുണ്ട്. ഭൂമിയുടെ കാന്തിക വലയങ്ങളും, ശബ്ദവും, മണവും, പിന്നെ സൂര്യന്റെ ദിശയും ഒക്കെയാണ് ഇതിന് സഹായകരമാകുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പ്രാവിനെ സന്ദേശവാഹകരായി വളരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിനു മുന്‍പ് 5ആം ശതകത്തില്‍ സിറിയയും പേര്‍ഷ്യയും തമ്മില്‍ പ്രാവിനെ ഉപയോഗിച്ചുള്ള വിനിമയങ്ങളുണ്ടായിറ്റുന്നുവെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്തിനധികം, നമ്മുടെ ഭാരതത്തില്‍, 2002 വരെ ഒറീസയില്‍ ഉള്‍പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ പ്രാവുകളേ സന്ദേശവാഹകരായി ഉപയോഗിച്ചിരുന്നു. 1850ല്‍ റായിട്ടേഴ്സ് ന്യൂസ് എജന്‍സി, ജര്‍മ്മനിക്കും മെല്‍ജിയത്തിനും ഇടയില്‍ തങ്ങളുടെ വാര്‍ത്താസമാഹരണത്തിന് 45 പ്രാവുകളെ ഉപയോഗിച്ചിരുന്നു. ടെലഗ്രാഫ് സവിധാനം നിലവില്‍ വന്നതിനു ശേഷമാണിതെന്ന് ഒര്‍ക്കണം. പ്രാവുകള്‍ സന്ദേശങ്ങള്‍ ടെയിന്‍ സരവ്വീസിനെക്കാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു.

ഒരു പൂച്ചക്കുറുമ്പനുമായി ചങ്ങാത്തം കൂടിയ പ്രാവിനെ നോക്കൂ...

സന്ദേശവാഹകനായ ഒരു പ്രാവിനെ കാണൂ


ഇനി നമുക്ക് ഒരു പ്രാവിനെ വരയ്ക്കാന്‍ ശ്രമിക്കാം, അല്ലേ...


പ്രാവിനെപ്പോലെ തന്നെ ഒട്ടും മോശക്കാരനല്ല നമ്മുടെ ഉറുമ്പും. ആറുകാലുള്ള ഇവന്‍ തന്റെ ശരീരഭാരത്തിന്റെ 20 ഇരട്ടിവരെ തലയില്‍ ചുമന്നുകൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കും. 45 - 60 ദിവസമാണ് ശരാശരി ഉറുമ്പിന്റ്റെ ജീവിതകാലം. ലോകത്ത് പതിനായിരത്തോളം ഇനത്തിലുള്ള ഉറുമ്പുകളുണ്ട്. വളരെ വ്യവസ്താപിതമായ രീതിയില്‍ കോളനികളായാണ് ഉറുമ്പുകള്‍ ജീവിക്കുന്നത്. മുട്ടയിടുന്ന റാണി ഉരുമ്പാണ് നേതാവ്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും കൂട് സൂക്ഷിക്കുന്നതും ഇര തേടുന്നതും ശത്രുക്കളെ തുരത്തുന്നതും ഒക്കെ പണിക്കാരായ ഉറുമ്പുകളാണ്. എല്ലാപേര്‍ക്കും അവരവരുടേതായ ജോലികള്‍ ഉണ്ട്. പണിക്കാല്‍, അടിമകള്‍, പട്ടാളക്കാര്‍ എന്നിങ്ങനെ. വളരെ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇവരില്‍ ഒരാള്‍ ആഹാരസാധനം കണ്ടാല്‍ മതി, ഉടനെ മറ്റുള്ളവരെ അറിയിക്കുകയും വഴികാട്ടാനായി ചില സ്രവങ്ങള്‍ പൊഴിക്കുകയും ചെയ്യും. 2 മുതല്‍ 7 മില്ലിമീറ്റര്‍ വരെ ഉറുമ്പ് ഉയരം വയ്ക്കും. ഉറുമ്പുകള്‍ക്ക് വയറിന് രണ്ട് അറകള്‍ ഉണ്ട്; ഒന്ന് സ്വന്തം ഭക്ഷണത്തിനും മറ്റൊന്ന് കൂട്ടുകാര്‍ക്കുള്ള ഭക്ഷണത്തിനും. റാണി ഉറുമ്പുകള്‍ക്ക് ജനിക്കുമ്പോള്‍ തന്നെ ചിറകുകള്‍ ഉണ്ടാവും, അവ പറന്നു പോയി പുതിയ കോളനികള്‍ സ്ഥാപിക്കുമ്പോഴേക്കും ചിറകുകള്‍ പൊഴിയുന്നു. 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭൂമിയില്‍ ഉണ്ടായവരാണത്രേ ഉറുമ്പുകള്‍.... പറഞ്ഞു വന്നാല്‍ നമ്മെ അസൂയപ്പെടുത്തുന്ന അടുക്കും ചിട്ടയും ഒത്തൊരുമയും അച്ചടക്കവും എല്ലാം ഉറുമ്പുകള്‍ക്കുണ്ട്...

ബുദ്ധിമാന്മാരായ ഉറുമ്പുകള്‍ ഒരു ജീവന്‍ രക്ഷാ ബോട്ട് നിര്‍മ്മിക്കുന്നത് നോക്കൂ (കടപ്പാട് : ബി ബി സി)
ഇനി നമുക്ക് ഉറുമ്പിന്റെ കൂടിനുള്ളില്‍ ഒന്നു കയറി നോക്കിയാലോ...
ഈ വിദ്വാനെ ഒന്നു വരക്കാനും കൂടി പഠിക്കണ്ടേ?

Sunday, August 1, 2010

പൂവൻകോഴിയുടെ പാതിരാക്കൂവൽ ..... അനുബന്ധം......

കുഞ്ഞുങ്ങളേ, നമുക്ക് ആദ്യം നമ്മുടെ പൂവന്‍ കോഴിയെക്കുറിച്ച് ചിലത് മനസ്സിലാക്കാം, അല്ലേ…
കോഴിപ്പൂവന്റെ കൂവല്‍ കേള്‍ക്കാത്തവരുണ്ടോ? എതാണ്ട് 8000 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മനുഷ്യനുമായി സഹവസിച്ചു പോരുന്ന കോഴികുടുംബത്തിലെ ആണ്‍ പ്രജയാണു പൂവന്‍കോഴി. ഭൂമിയില്‍ നൂറ്റന്‍പതോളം ഇനം കോഴികളുണ്ട്. നിറയെ തൂവലുകളുള്ള ചിറകുകള്‍ ഉണ്ടെങ്കിലും, ഇവനു അധികമൊന്നും പറക്കാന്‍ കഴിയില്ല. കൂടിപ്പോയാല്‍ ഒരു 200 മീറ്റര്‍ മാത്രമേ ഇവന് പറക്കാന്‍ പറ്റൂ. 15 വര്‍ഷത്തോളം പരമാവധി ആയുസ്സുള്ള ഇവന്റെ ശാസ്ത്രീയ നാമം Gallus domesticus എന്നാണ്.
ചെറിയ കൃമികീറങ്ങളും, പുഴുക്കളും, പഴങ്ങളും ഒക്കെത്തന്നെയാണ് ഇവന്റെ ആഹാരം. അന്റാര്‍ട്ടിക്ക ഒഴികെ ലോകത്തെവിടെയും നമുക്ക് ഇവനെ കാണാം. ശരീരോഷ്മാവ് 38 ഡിഗ്രി സെന്റിഗ്രേഡുള്ള ഇവന്റെ ഹൃദയം, ഒരു മിനുട്ടില്‍ 300 പ്രാവശ്യത്തോളം മിടിക്കും. ഒരു പിടക്കോഴി ഒരു മിനിട്ടില്‍ 30-35 തവണ ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍, പൂവന്‍ 18-20 തവണ മാത്രമേ ചെയ്യുന്നുള്ളൂ.
പിടക്കോഴികളെ ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ പൂവന്‍ മുന്നിട്ടിറങ്ങാറുണ്ട്. പല ശത്രുക്കളെ കാണുമ്പോഴും, പല രീതിയില്‍ ഒച്ചയുണ്ടാക്കിനാണിവന്‍ മുന്നാറിയിപ്പു നല്കുന്നത്. പരമാവധി 20 വര്‍ഷമാണ് ഇതിന്റെ ജീവിതകാലം രേഖപ്പെടുത്തിയിട്ടുള്ളത്. അതിരാവിലെ നമ്മേ വിളിച്ചുണര്‍ത്തുന്ന ഇവനെക്കുറിച്ച്, “…താക്കോല്‍ കൊടുക്കാതെ താനേ വിളിക്കും അലാറം…” എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ……


പക്ഷിലോകത്തെ സുന്ദരന്മാരാണല്ലോ മയിലുകൾ ‍… ഗ്രീക്ക് വിശ്വാസമനുസരിച്ച്, മയിലുകള്‍ ദേവതകളുടെ തന്നെ രാജ്ഞിയായ ഹന്നയുടെ പ്രതീകമാണ്. അവന്റെ തലയുടെ മുകളിലുള്ള കിരീടം പോലുള്ള തൂവലുകള്‍ തന്നെ അതിന്റെ സാക്ഷ്യം.
കാട്ടില്‍ 20 വര്‍ഷത്തോളം ആയുസ്സുള്ള ഇവയുടെ ഭക്ഷണം, ചെറിയ പുല്‍ച്ചെടികള്‍ മുതല്‍ ചെറു പ്രാണികള്‍ വരെയാണ്. ഭാരതത്തില്‍ പ്രത്യേകിച്ചു, മയില്പ്പീലികള്‍ അലങ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. മയില്‍ പീലിയിലെ കണ്ണിന്റെ ആകൃതിയിലുള്ള ആ ഭംഗി ആരെയാണ് കൊതിപ്പിക്കാത്തത്… ഈ കിലുക്കാമ്പെട്ടിക്കും മയില്‍പീലി ഒരു വീക്ക്നെസ്സ് ആണേ….
പൂവന്‍ കോഴിയെപ്പോലെയല്ല, ഇത്ര വലിയ ശരീരമാണെങ്കിലും, ഇവ നന്നായി പറക്കും. ഒരു ആണ്‍ മയില്‍, മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തി സുന്ദരനാകും.മുകളിലത്തെ വീഡിയോ കണ്ടോ, കഴുത്ത് നന്നായ് വളയ്ക്കാതെ, നമ്മുടെ പൂവന് കൂവ്വാന്‍ പറ്റില്ല.
വേറൊരു വിരുതന്റെ കൂവല്‍ കണ്ടോ....ഇനി നമുക്ക്, പതിവു പോലെ, ഒരു പൂവനെ വരയ്ക്കാന്‍ പഠിക്കാം, അല്ലേ...നമുക്ക് ഒരു സുന്ദരന്‍ മയിലിന്റെ സുന്ദര നൃത്തം കാണാം, അല്ലേ...ഇനി നമുക്ക് പേപ്പര്‍ കൊണ്ട് ഒരു മയിലിനെ ഉണ്ടാക്കാന്‍ പഠിക്കാം.....ഇനി ഒരു മയിലിനെ വരച്ചാലോ....


എല്ലാം എന്റെ പൊന്നുമക്കള്‍ക്ക് ഇഷ്ടപ്പെട്ടോ???
പ്രധാന താളിലേയ്ക്ക് 

Thursday, July 1, 2010

സിംഹത്തിന്റെ മരണപത്രം (അനുബന്ധം)


കാട്ടിലെ രാജാവാണല്ലോ സിംഹംവനത്തിലെ മൃഗങ്ങളിൽ എറ്റവും ശക്തിയും ശൌര്യവും സിംഹത്തിനു തന്നെയാണ‌‍‍‍. കഥയിൽ പറയുന്നത് പോലെ സിംഹം സാധാരണ മടിയനൊന്നും അല്ല കേട്ടോ.
        നമുക്ക് സിംഹത്തെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം, അല്ലേലോകത്തെമ്പാടുമായി സിംഹത്തിന്റെ വർഗത്തെ 7 ആയി തരം തിരിച്ചിട്ടുണ്ട്. അഫ്രിക്കൻ സിംഹം, എഷ്യൻ സിംഹം, അമേരിക്കൻ സിംഹം, മലകളിൽ വസിക്കുന്ന സിംഹം, ഗുഹാസിംഹം, വെള്ളസിംഹം എന്നിങ്ങനെ
        മൂന്നര മാസത്തോളം പ്രജനന കാലമുള്ള ഇവയ്ക്ക് ഒറ്റപ്രസവത്തിൽ ആറ് കുഞ്ഞുങ്ങൾ വരെയുണ്ടാവാറുണ്ട്എന്നാലും അതിൽ ബാലാരിഷ്ടത തരണം ചെയ്ത് രക്ഷപ്പെടുന്നത് ഒന്നും രണ്ടും എണ്ണം മാത്രമാണജനന സമയത്ത് എതാണ്ട് ഒന്നരരണ്ട് കിലോയാണു ഇവന്റെ ഭാരംനാലടിയോളം ഉയരവും ഇരുന്നൂറ് കിലോയിലേറെ തൂക്കവും ഉള്ള സിംഹങ്ങളുണ്ട്മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ഇവൻ ഒടാറുണ്ട്എതാണ്ട് രണ്ട് വയസ്സുവരെ കുഞ്ഞു സിംഹങ്ങൾക്ക് അലറാൻ കഴിയില്ലപ്രായപൂർത്തിയായ ഒരു സിംഹത്തിന്റെ അലറൽ എതാണ്ട് അഞ്ച് മൈൽ അകലെവരെ കേൾക്കാമത്രേകാട്ടിൽ 15 വർഷത്തോളവും മൃഗശാലകളിലും മറ്റും 25 വർഷം വരെയും ഇവ ജീവിക്കാറുണ്ട്
        ആൺ സിംഹങ്ങൾക്കാണമുഖത്തിനു ചുറ്റും ഭംഗിയുള്ള മുടിയും ജടയുമുള്ളത്സാധാരണയായി ആൺസിംഹങ്ങൾ വേട്ട നടത്താറില്ല. പെൺസിംഹങ്ങൾ വേട്ടയിൽ പിടിക്കുന്ന ഇരയെ ഇവർ ആദ്യം തന്നെ വന്ന് ഭക്ഷിക്കുംഒരു ദിവസത്തെ ഗംഭീര ഭക്ഷണം (എതാണ്ട് 25 കിലോ വരെ) കഴ്ഹിഞ്ഞാൽ പിന്നെ ഒരു രണ്ട് മൂന്ന് ദിവസത്തേക്ക് ഇവനു ഭക്ഷണം വേണ്ടതന്നെതങ്ങളെക്കാൾ വളരെ വലിയ മൃഗങ്ങളെപ്പോലും അനായാസം കീഴ്പ്പെടുത്താൻ സിംഹത്തിനു കഴിയുംരാത്രികാലങ്ങളിലാണു ഇവ സാധാരണ ഇരതേടിയിറങ്ങാറ്കഴുതപ്പുലിയാണ സിംഹത്തിനു എറ്റവും അധികം ശല്യം ചെയ്യുന്ന മൃഗംസിംഹം വേട്ടയാടിപ്പിടിക്കുന്ന ഇരയുടെ പങ്ക്പറ്റാൻ ഇവ മിക്കപ്പോഴും ചുറ്റും കൂടി ശല്യം ചെയ്യാറുണ്ട്
        ലോകത്ത് എല്ലാ ഭാഗത്തും കണ്ടുവന്നുരുന്ന സിംഹം ഇപ്പോൾ പ്രധാനമായി ആഫ്രിക്കയിലാണു ധാരാളമായുള്ളത്ഭാരതത്തിൽ ഗുജറാത്തിലെ ഗിർ വനങ്ങളിൽ മാത്രമേ സിംഹം ഉള്ളൂ.  
   ഇനി നമുക്ക് പതിവു പോലെ ഒരു സിംഹത്തെ വയ്ക്കാൻ പഠിക്കാം, അല്ലേ...സിംഹക്കുഞ്ഞുങ്ങൾ വേട്ടക്ക് പരിശീലനം നേടുന്നത് കണ്ടോ...
ഇനി, വളരെ അപൂർവ്വമായി മാത്രം കാണുന്ന വെള്ള സിംഹത്തെ കാണാം

പ്രധാന താളിലേയ്ക്ക്......

Tuesday, June 1, 2010

വാലു മുറിഞ്ഞ കുരങ്ങന്‍ ‍... അനുബന്ധം....


ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന മൃഗമാണ് കുരങ്ങന്‍ . അതിന്റെ ഇനങ്ങളിലേ വ്യത്യാസമുള്ളൂ. ഏതാണ്ട് 250 ഇനത്തില്‍ പെട്ട കുരങ്ങന്മാരുണ്ടെന്നാണ് കണക്ക്. മനുഷ്യനുമായുള്ള രൂപസാദൃശ്യവും സ്വഭാവ സാദൃശ്യതയും, ഇവന്‍ മനുഷ്യന്റെ മുന്‍ഗാമിയാണെന്ന നിഗമനം ബലപ്പെടുത്തുന്നു. കുരങ്ങനില്‍ നിന്ന് ആള്‍ക്കുരങ്ങ്, പിന്നെ മനുഷ്യന്‍ എന്നാണല്ലോ അതിന്റെ കണക്ക്. പൊതുവേ സസ്യാഹാരികളായ ഇവയുടെ ആയുസ്സ് ഏതാണ്ട് നാല്‍പ്പത് വര്‍ഷം വരെയാണത്രേ. കായ്കനികളും, പക്ഷികളുടെ മുട്ടയും ചിലപ്പോള്‍ ചെറിയ പ്രാണികളും മറ്റു ചെറു ജീവികളും ഇവന്റെ ആഹാരമാകാറുണ്ട്. ഓരോ ഇനത്തിനനുസരിച്ച് നാലു മുതന്‍ എട്ട് മാസം വരെയാണ് കുരങ്ങിന്റെ ഗര്‍ഭകാലം. 120 ഗ്രാം മുതല്‍ 35 കിലോഗ്രാം വരെ ഇവന് തൂക്കം ഉണ്ടാവും. ഒരു പ്രസവത്തില്‍ സാധാരണ ഒരു കുഞ്ഞ് മാത്രമേ ഉണ്ടാവൂ. കൊടും കാടുകളില്‍ മുതല്‍ മനുഷ്യന്റെ തിരക്കേറിയ ആവാസകേന്ദ്രങ്ങളില്‍ വരെ ഇവയെ കണ്ടു വരുന്നു. ആള്‍ക്കുരങ്ങിനെയും ചിമ്പന്‍സിക്ക്ക്കളേയും സാധാരണ കുരങ്ങന്റെ ഗണത്തില്‍ പെടുത്തിയിട്ടില്ല.
ചരിത്രാതീത കാലം മുതല്‍ക്കു തന്നെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് വാനരന്‍ . ഭാരതീയ കഥകളിലും പുരാണങ്ങളിലും മാത്രമല്ല ജപ്പാന്‍, ചൈന തുടങ്ങി ബുദ്ധമതത്തിന്റെ സ്വാധീനമുള്ള സ്ഥലങ്ങളിലും വാനരന് പ്രധാനപ്പെട്ട സ്ഥാനം തന്നെയാണ്. ഭാരത്തില്‍ ഭഗവാന്‍ ഹനുമാനായും ചൈനയിലും ജപ്പാനിലും മറ്റും ശ്രീബുദ്ധന്റെ മുന്‍ അവതാരമായും വാനരനെ വിശേഷിപ്പിക്കുന്നുണ്ട്.
മനുഷ്യനുമായുള്ള രൂപ – സ്വഭാവ സാദൃശ്യം വളരെ രസകരമാണ്. മനുഷ്യനെപ്പോലെ മുഖത്തെ പേശികള്‍ ചലിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വ്വം മൃഗമാണ് കുരങ്ങന്‍ . കുരങ്ങന്മാര്‍ വാഴപ്പഴം തിന്നുന്നത് കണ്ടിട്ടില്ലേ.... മനുഷ്യനെപ്പോലെ, അതിന്റെ തൊലി കളഞ്ഞ്, വളരെ ആസ്വദിച്ച്.....
മധ്യ – ദക്ഷിണ അമേരിക്കയില്‍ കണ്ടുവരുന്ന ഹൌളര്‍ മങ്കികളാണ് കരയിലെ ജീവികളില്‍ ഏറ്റവും ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുന്നത്.. അതിന്റെ ശബ്ദം ഏതാണ്ട് പത്ത് മൈല്‍ അകലെവരെ കേള്‍ക്കാമത്രേ
ഇനി നമുക്ക് ഇവനെയൊന്ന് വരയ്ക്കാന്‍ പഠിച്ചാലോ...


നമ്മുടെ തെരുവില്‍ അഭ്യാസം കാണിക്കുന്ന ഈ മിടുക്കനെ ഒന്നു കണ്ടുനോക്കൂ.....

Saturday, May 1, 2010

കൊറ്റിയും കുറുക്കനും ... (അനുബന്ധം)

നീണ്ട് കൂര്‍ത്ത കൊക്കുകളുള്ള സുന്ദരി പക്ഷിയാണല്ലോ കൊറ്റി. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വളരെയധികം കണ്ടുവരുന്ന ഇവയുടെ പ്രധാന ആഹാരം പാടത്തും മറ്റും കാണുന്ന ചെറുമത്സ്യങ്ങള്‍, പ്രാണികള്‍, ചെറിയ പാമ്പുകള്‍, വിത്തുകള്‍, ചെടികള്‍, ധാന്യങ്ങള്‍ മുതലായവയാണ്.
ഒരു പാമ്പിനെ വിഴുങ്ങുന്ന ഈ മിടുക്കന്റെ ഒന്നു കണ്ട് നോക്കൂ...ലോകത്താകെ പ്രധാനമായി ഏതാണ്ട് പതിനഞ്ച് ഇനത്തിലുള്ള കൊറ്റികളുണ്ട്. മികച്ച ദേശാടനപ്പക്ഷികളാണ് കൊറ്റികള്‍. ചിലയിനം കൊറ്റികള്‍ ഏതാണ്ട് ഇരുപതിനായിരം അടി ഉയരത്തില്‍ മൈലുകളോളം നിര്‍ത്താതെ പറക്കുന്നു. ലോകം മുഴുവനും കാണപ്പെടുമെങ്കിലും, തെക്കേ അമേരിക്കയിലും അറ്റ്ലാന്റിക്കിലും മാത്രം ഇവ ഇല്ല തന്നെ. തെക്കന്‍ അമേരിക്കയിലും അറ്റ്ലാന്റിക്കിലും ഇവയുടെ ഫോസിലുകള്‍ പോലും കണ്ടെത്തിയിട്ടില്ലത്രേ.
സാധാരണയായി, ഒറ്റത്തവണ രണ്ട് മുട്ടകളാണ് ഇടുന്നതെങ്കിലും, നാലു മുട്ടകള്‍ ഇടുന്നതും വിരളമല്ല. നാല് - അഞ്ച് ആഴ്ച്ചകൊണ്ട് മുട്ടകള്‍ വിരിയുന്നു. ഇവയുടെ ശരാശരി ആയുസ്സ് ഇരുപത് വര്‍ഷം വരെയാണ്. ഇതിലും വളരെയധികം വര്‍ഷം ജീവിച്ച കൊറ്റികളുടെ ചരിത്രവും ഉണ്ട്. രണ്ട് വയസ്സായ കൊറ്റികള്‍ പ്രായപൂര്‍ത്തിയായി മുട്ടയിട്ട് തുടങ്ങും.

കുറുക്കന്മാര്‍ വളരെ കൌശലക്കാരാണ് . കുറുക്കന്റെ കൌശലത്തെപ്പട്ടിയുള്ള പല കഥകളും, ചൊല്ലുകളും ഒക്കെ നമ്മള്‍ കേട്ടിട്ടില്ലേ....
ലോകത്ത് ഏതാണ്ട് 27 ഇനം കുറുക്കന്മാരുണ്ട്. ഇവ പ്രധാനമായും നിശാസഞ്ചാരികളാണ് (nocturnal animals). നായയുടെ കുലത്തില്‍പ്പെട്ടവരാണെങ്കിലും, പൂച്ചയുടെ പല സ്വഭാവങ്ങളും ഇവയ്ക്കുണ്ട്; ഇരയെ കൊല്ലും മുന്‍പ് തട്ടിക്കളിക്കുക പോലുള്ള രീതികള്‍..എന്നാലും നായ്ക്കളുമായും പൂച്ചകളുമായും ഒരു ചങ്ങാത്തവും ഇവനില്ല. .50-60 ദിവസത്തെ ഗര്‍ഭലാലമുള്ള ഇവ ഒരു പ്രസവത്തില്‍ മൂന്നുമുതല്‍ അഞ്ച് വരെ കുഞ്ഞുങ്ങളെ പ്രസവിക്കും. ഈ കുഞ്ഞുങ്ങളെ ഇംഗ്ലീഷില്‍ 'kit' എന്ന് പറയും. നായ കുലത്തിലെ ഏറ്റവും ചെറിയ അംഗമാണിവന്‍. നാലുമുതല്‍ എട്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ഇവയ്ക്ക് 10-14 വര്‍ഷം ആയുസ്സുണ്ട്.
നീലക്കുറുക്കനും, കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന് പറഞ്ഞ കുറുക്കനും ഒക്കെ നമ്മുടെ മുത്തശ്ശിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണല്ലോ. ഈസോപ്പ് കഥകളിലും ഇവന്‍ പ്രമുഖന്‍ തന്നെ. മെസപ്പൊട്ടോമിയന്‍ സംസ്കാരത്തില്‍ കുറുക്കന്‍ പ്രധാന സ്ഥാനമാണുള്ളത്.
ഇനി നമുക്ക് കുഞ്ഞ് കുറുക്കന്മാരെ ഒന്ന് കാണാം.... നല്ല സുന്ദരന്മാരല്ലേ...

കുറുക്കന്മാരുടെ കടിപിടിയും....

പതിവ് പോലെ നമുക്ക് ഇനി ഒരു കുറുക്കനെ വരയ്ക്കാന്‍ പഠിക്കാം....


Tuesday, April 13, 2010

ഗീതാഗീതിയായ് വന്ന കഥ കഥ പൈങ്കിളി...... (അനുബന്ധം)

ലോകത്ത് ഏറ്റവും അധികം പേര്‍ വളര്‍ത്ത് മൃഗമായി ഓമനിക്കുന്നത് പൂച്ചയെയാണ്. മനുഷ്യനോട് പെട്ടെന്ന് ഇണങ്ങുന്നതും, അതിന്റെ ഓമനത്തവും, പരിപാലനത്തിലെ എളുപ്പവും, എവിടെയും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതും ഒക്കെയാണ് പൂച്ചയെ പ്രിയങ്കരിയാക്കുന്നത്.
മൃഗങ്ങളില്‍ ബുദ്ധിശക്തിയുടെ കാര്യത്തില്‍ മുന്നില്‍ പൂച്ച തന്നെയാണ്. കുരങ്ങുകളും, ചിന്‍പന്‍സിയും മാത്രമാണ് പൂച്ചയെക്കാള്‍ മികച്ച IQ പ്രകടിപ്പിക്കുന്നത്. പൂച്ച, അതിന്റെ ചുറ്റുപാടില്‍ നിന്നും, അനുഭവങ്ങളില്‍ നിന്നും, നിരീക്ഷണത്തില്‍ നിന്നുമൊക്കെ പാഠങ്ങളുള്‍ക്കൊള്ളുന്നു. എല്ലാ കാര്യത്തിലും സ്വന്തമായ അഭിപ്രായവും തീരുമാനവും പൂച്ചക്കുണ്ട്. അതിന്റെ ഒരിക്കലും അനുസരിപ്പിക്കാന്‍ പറ്റില്ല, അവന് ബോദ്ധ്യം വന്നാലേ അവന്‍ എന്തും ചെയ്യൂ. ഓര്‍മ്മ ശക്തിയില്‍ നായയെക്കാള്‍ പതിന്മടങ്ങ് മുന്നിലാണത്രേ പൂച്ചകള്‍; അവര്‍ ആവശ്യമുള്ള കാര്യം മാത്രമേ ഓര്‍ത്ത് വയ്ക്കാറുള്ളൂ എന്നതാണ് സത്യം. സിംഹത്തിന്റെയും പുലിയുടെയും ഒക്കെ കുടുംബക്കാരിയാണ് ഈ ഓമനക്കുട്ടി. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും, ഇരപിടിക്കാന്‍ പഠിപ്പിക്കുന്നതും, മുഖഭാവവും ഒക്കെത്തന്നെ സമാനമല്ലേ. നായ എപ്പോഴും നയിക്കപ്പെടാന്‍ ഇഷ്ടപ്പെടുമ്പോള്‍, പൂച്ച സ്വന്തം കാര്യം സ്വയം നോക്കിക്കോളും, കുറച്ച് കുണുങ്ങലും കിന്നാരവും ഒക്കെ ഇഷ്ടപ്പെടുമെങ്കിലും.
ഭൂമിയിൽ ഏതാണ്ട് 33 ഇനം പൂച്ചകൾ ഉണ്ടെന്നാണ് കണക്ക്. 60-65 ദിവസമാണ് പൂച്ചയുടെ പ്രജനന കാലം. മറ്റ് മാംസഭുക്കുകളെപ്പോലെ തന്നെ, പൂച്ചക്കുട്ടികളും ജനിച്ച് ഏതാണ്ട് ഒരാഴ്ച്ച കഴിഞ്ഞാണ് കണ്ണ് തുറക്കുന്നത്. പൂർണ്ണവളർച്ചയെത്തിയ ഒരു പൂച്ചയ്ക്ക് 30 പല്ലുകൾ ഉണ്ടായിരിക്കും - മുകളിലെ നിരയിൽ 16 ഉം, താഴെ 14 ഉം. മനുഷ്യർക്കുള്ളതിനെക്കാൾ 30 കശേരുക്കൾ കൂടുതലുണ്ട് മാർജ്ജാരന്.
ചില സമയം പൂച്ചകൾ വീടിനു ചുറ്റും നിൽക്കുന്ന ചെടികൾ തിന്നുന്നത് കണ്ടിട്ടില്ലേ? ദഹനപ്രക്രിയ സുഗമമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധ ഇവള്‍ക്കുതന്നെ. ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ മൂന്നിലൊന്നും സ്വന്തം ശരീരം വൃത്തിയാക്കാന്‍ പാടുപെടുന്നത് കണ്ടിട്ടില്ലേ ഈ സുന്ദരി. വെള്ളത്തില്‍ ചവിട്ടനുള്ള മടിയും ഈ വൃത്തി കാരണമാണ്. ദിവസത്തില്‍ ഏതാണ്ട് 16 മണിക്കൂറും പൂച്ച ഉറക്കമായിരിക്കും.
സ്റ്റൈലില്‍ വമ്പത്തിയാണ് ഈ സുന്ദരി; കേട്ടിട്ടില്ലേ ക്യാറ്റ് വാക്ക് അഥവാ പൂച്ചനടത്തം. നമ്മുടെ സൌന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ നടത്തം ഈ പൂച്ച സുന്ദരിയെ അനുകരിച്ചല്ലേ...
 പൂച്ചക്കുഞ്ഞുങ്ങളുടെ കൂട്ടത്തിന് kindle എന്നും, മുതിർന്ന പൂച്ചകളുടെ കൂട്ടത്തിന് clowder എന്നും ആണ് പേര്. പൂച്ചയെ ഇഷ്ടപ്പെടുന്നവരെ Ailurophile എന്നാണ് അറിയപ്പെടുന്നത്..... നമ്മുടെ കൂട്ടത്തിൽ ഒരുപാട് Ailurophiles ഉണ്ടല്ലോ, അല്ലേ....
ഇനി നമുക്ക് ചില കുസൃതിപ്പൂച്ചകളുടെ പ്രകടനങ്ങൾ കാണാം....


ഇനി ഈ പൂച്ചയെ ഒന്ന് വരയ്ക്കാൻ ശ്രമിച്ചാലോ കുഞ്ഞുങ്ങളേ....
അയ്യോ, പാവം ഈച്ചയെ വിട്ടുപോയി, അല്ലേ? സാരമില്ല.... നമ്മുടെ വീട്ടിൽ കാണുന്ന സാധാരണ ഈച്ച ഒരു ഷഡ്പദം ആണ് (6 കാലുകൾ ഉള്ളത്). ചിത്രശലഭങ്ങളുടെതു പോലെയുള്ള ജീവിത ചക്രമാണ് ഈച്ചയ്ക്കുള്ളത്... സാധാരണ ഒരു ഈച്ചയുടെ ജീവിതകാലം 15-25 ദിവസങ്ങളാണ്. അതിന്റെ കണ്ണുകൾ കണ്ടിട്ടില്ലേ, അതിന് 360 ഡിഗ്രി ചുറ്റുവട്ടത്തെ കാഴ്ച്ചകൾ കാണാം. പ്രത്യേകിച്ച് ഒരു ഗുണവും ഈച്ചയെക്കൊണ്ട് ഇല്ല. ഏതാണ്ട് നൂറിലധികം അസുഖങ്ങൾ പരത്തുന്നത് ഈച്ച തന്നെ....
പരമ വൃത്തിക്കാരനായ പൂച്ചയും ഈ ഈച്ചയും തമ്മിൽ എങ്ങനെ ചങ്ങാതിമാരായെന്നത് ഒരു കഥ പോലെ തന്നെ ഉത്തരമില്ലാത്ത ചോദ്യം തന്നെ, അല്ലേ....

എന്തായാലും ഒരു ഈച്ചയുടെ ഒരു ദിവസം എങ്ങനെയാണന്നും ഒന്നു കാണാം.....