കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....

Monday, February 1, 2010

ഒരേ ദിവസം ജനിച്ചവർ...... (അനുബന്ധം)

എന്താണ് മഴവില്ല്?
തെളിഞ്ഞ വെളിച്ചമുള്ള ഒരു ദിവസം, പെട്ടെന്ന് മഴ വരുമ്പോൾ ആകാശത്ത് തെളിയുന്ന, പല വർണ്ണങ്ങളുള്ള അർദ്ധവൃത്താകൃതിയിലുള്ള പ്രകാശമാണ് മഴവില്ല്.
എങ്ങനെയാണ് മഴവില്ല് ഉണ്ടാകുന്നത്?
അടിസ്ഥാനപരമായി 7 നിറങ്ങൾ ചേർന്നതാണ് വെളിച്ചം. വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് (Violet, Indigo, Blue, Green, Yellow, Orange, Red) എളുപ്പത്തിൽ ഓർത്തിരിക്കാൻ ഈ നിറങ്ങളുടെ ആദ്യ അക്ഷരങ്ങളെ ചേർത്ത്, VIBGYOR എന്നു പറഞ്ഞു പഠിക്കാം. ഓരോ നിറത്തിലെ വെളിച്ചത്തിനും വ്യത്യസ്ത wave length ആണ് ഉള്ളത്. ഈ നിറങ്ങൾ എല്ലാം യോജിച്ച് കാണുമ്പോഴാണ് ഇതിന് വെള്ള നിറം വരുന്നത്. മഴത്തുള്ളികൾക്ക് ഗോളാകൃതിയാണ്. സൂര്യപ്രകാശം ഈ മഴത്തുള്ളികളിൽ പതിക്കുമ്പോൾ, വിവിധ wave length (തരംഗങ്ങളുടെ ദോലന നിരക്ക്) ഉള്ള പ്രകാശരശ്മികൾ പ്രത്യേകം പ്രത്യേകം കാണുന്നു. ലക്ഷക്കണക്കിന് മഴത്തുള്ളികളിലൂടെ ഇങ്ങനെയുണ്ടാകുന്ന പ്രതിഫലനമാണ്  നമ്മൾ കാണുന്ന വർണ്ണാഭമായ കൂറ്റൻ മഴവില്ല്. കൂടിയ വേവ് ലെങ്ത് ഉള്ളത് ചുവപ്പ് നിറത്തിനും, കുറവ് വയലറ്റിനുമാണ്.
പകൽ മഴപെയ്യുമ്പോഴെല്ലാം മഴവില്ല് കാണുന്നില്ലല്ലോ...
അതെ, എല്ലാ സമയത്തും മഴവില്ല് കാണണമെന്നില്ല. നല്ല പ്രകാശത്തിൽ സൂര്യൻ ഒരു വശത്തും, അതിന്റെ നേരെ എതിർ വശത്ത് മഴയും വരുമ്പോഴാണ് മഴവില്ല് കാണുന്നത്. ശ്രദ്ധിച്ചിട്ടില്ലേ, നാം മഴവില്ല് കാണുമ്പോൾ സൂര്യൻ നമ്മുടെ പിറക് വശത്തായിരിക്കും. എറ്റവും ഭംഗിയായി മഴവില്ല് കാണുന്നത്, രാവിലെയും വൈകുന്നേരത്തും, സൂര്യൻ വളരെ താഴ്ന്ന് നമ്മുടെ പിന്നിൽ നില്ക്കുകയും, നേരെ എതിർ വശത്ത് മഴ പെയ്യുമ്പോഴുമാണ്. കൃത്യമായി പറഞ്ഞാൽ സൂര്യപ്രകാശം 42 ഡിഗ്രി ചരിവിൽ പ്രതിഫലിക്കുപോഴാണ് നാം മഴവില്ല് കാണുന്നത്. ഒരേ സമയത്ത് തന്നെ, ഓരോ ആളുകളും കാണുന്നത് വ്യത്യസ്തമായ മഴവില്ലുകളാണ്.
ഈ മഴവില്ലെന്താ വില്ല് പോലെ വളഞ്ഞിരിക്കുന്നത്?
യഥാർത്ഥത്തിൽ മഴവില്ലിന്റെ രൂപം വൃത്താകൃതിയിലാണ് മക്കളേ. സൂര്യന്റെ പ്രകാശം ഒരു ബിന്ദുവിൽ പതിച്ച്, അത് പല വർണ്ണങ്ങളായി പ്രതിഫലിക്കുന്നത് വൃത്താകൃതിയിലാണ്. ചക്രവാളത്തിന്റെ വിശാലത കാരണം, വളരെ ഭീമാകാരമായ ആ പ്രകാശ വളയത്തിന്റെ ഒരു ഭാഗം മാത്രമാണ് നമുക്ക് കാണാൻ പറ്റുന്നത്. വളരെ ഉയരത്തിൽ, ഉദാഹരണത്തിന് വിമാനത്തിൽ ഇരുന്ന് നോക്കിയാൽ മഴവില്ല് വൃത്താകൃതിയിൽ കാണാനാകും.
മഴവില്ലിനെക്കുറിച്ച് ഇത്ര വിശദമായി പഠനം നടത്തിയത് ആരാണ്?
അതിപുരാതന ഗ്രന്ഥങ്ങളിലും, കഥകളിലും, ഐതിഹ്യങ്ങളിലും എല്ലാം മഴവില്ലിനെക്കുറിച്ച് പല പല സങ്കൽ പ്പങ്ങളും ഉണ്ട്. മഴവില്ല് രൂപപ്പെടുന്നതിനെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഒരു ചെറിയ ഉദാഹരണത്തിലൂടെ പരിചയപ്പെടുത്തിയത്, മഹാനായ ശാസ്ത്രകാരനായ സർ ഐസക്ക് ന്യൂട്ടണാണ് (1642-1727). പ്രകാശ രശ്മിയെ ഒരു സ്ഫടിക പ്രിസത്തിലൂടെ കടത്തിവിട്ട്, എഴ് വർണ്ണങ്ങളായി വിഘടിപ്പിച്ച് കാണിച്ച് മഴവില്ലിന്റെ പിന്നിലെ ശാസ്ത്രീയത പറഞ്ഞു തന്നത് ന്യൂട്ടണാണ്.

വൃത്താകൃതിയിലുള്ള മഴവില്ല്

ഇനി മഴവില്ല് കാണുമ്പോൾ എന്റെ കുഞ്ഞുങ്ങൾ ഇതൊക്കെ ഓർമ്മിക്കണേ....
=========
ഇനി, കാർമേഘത്തെക്കുറിച്ച്...

ഭൂമിയിലെ ജലം, സൂര്യന്റെ താപമേറ്റ് ബാഷ്പീകരിച്ച് (evapourates) നീരാവിയായി മുകളിലേക്ക് പോകുന്നു. വാതകരൂപത്തിലായ ഇതിനെ നമുക്ക് സാധാരണ കാണാൻ പറ്റില്ല. കുറെ ഉയരത്തിലെത്തിയാൽ, അന്തരീക്ഷമർദ്ദം കുറയുന്നതിനനുസരിച്ച് ഈ ജലകണങ്ങൾ വികസിക്കുകയും അവ വീണ്ടും തണുക്കാൻ തുടങ്ങുകയും ചെയ്യും. പതിയെപ്പതിയെ അവ പഞ്ഞിക്കെട്ടുപോലെയുള്ള നിറത്തിൽ നമുക്ക് കാണാനാകും. കൂടുതൽ ജലകണങ്ങൾ ഒരുമിച്ചു ചേരുമ്പോൾ, അതിന്റെ ഭാരവും, ഭൂമിയുടെ ഗുരുത്വാകർഷണവും കാരണം അവ മഴയായി പെയ്യുന്നു. ഭൂതലത്തിൽ നിന്നും 2.5 കിലോമീറ്റർ മുതൽ 6 കിലോമീറ്റർ വരെയുള്ളിടത്താണ് മേഘം കാണപ്പെടുന്നത്. ഭൂതലത്തിൽ നിന്നുള്ള അകലം, രൂപം, നിറം മുതലായവ പരിഗണിച്ച് ഇവയെ ശാസ്ത്രജ്ഞർ പലതായി വേർതിരിച്ചിട്ടുണ്ട്. ശരിക്കും മേഘങ്ങൾക്കെല്ലാം വെളുത്ത നിറമാണ്. നാം ഭൂതലത്തിൽ നിന്ന് കാണുമ്പോൾ, അതിലെ ജലാംശവും, വലിപ്പവും, അതിനു മുകളിലത്തെ മേഘത്തിന്റെ സ്വഭാവവും സൂര്യപ്രകാശത്തിന്റെ പ്രതിഫലനവും ഒക്കെ കാരണം പല നിറത്തിൽ കാണുന്നു.

വിവിധ തരം മേഘങ്ങൾ ഈ വീഡിയോയിൽ കാണാം
മറ്റ് ഗ്രഹങ്ങളും മേഘവും

ഭൂമിയെപ്പോലെ തന്നെ, അന്തരീക്ഷമുള്ള മറ്റ് ഗ്രഹങ്ങളിലും മേഘങ്ങളുണ്ടെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. വീനസ് (ശുക്രൻ) ഗ്രഹത്തിന്റെ മേഘങ്ങൾ സൾഫ്യൂറിക്ക് ആസിഡ് കൊണ്ടുള്ളതാണത്രേ. ചൊവ്വ (mars) യുടെ മേഘങ്ങൾ വളരെ ഉയരത്തിൽ കനം കുറഞ്ഞ് വെള്ളവും ഐസും ചേർന്നതാണത്രെ. ജ്യൂപ്പിറ്റർ, ശനി എന്നീ ഗ്രഹങ്ങൾക്ക് മൂന്നു പാളികളുള്ള മേഘമാണ്. യുറാനസ്, നെപ്റ്റിയൂൺ ഗ്രഹങ്ങൾക്ക് മീതേൻ വാതകത്തിന്റെ മേഘമാണ്. ശനിഗ്രഹത്തിന്റെ ഉപഗ്രഹമായ ടൈറ്റണ് ദ്രവീകൃത മീതേൻ മേഘമാണുള്ളത്. നമ്മുടെ അമ്പിളി മാമന് അന്തരീക്ഷം ഇല്ലാത്തതിലാൽ മേഘം ഇല്ലെന്നതാണ് ഇതുവരെയുള്ള കണ്ടെത്തൽ.

ഭാരതീയ സാഹിത്യത്തിൽ മേഘങ്ങൾക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്.
മഹാകാവ്യങ്ങളിലെല്ലാം തന്നെ മേഘങ്ങളെക്കുറിച്ച് അതിമനോഹരമായ വർണ്ണനകൾ ഉണ്ട്. കാളിദാസന്റെ മേഘസന്ദേശം പോലെ മനോഹരമായ ഒരു സന്ദേശകാവ്യമുണ്ടോ.... ഇപ്പോഴും, കവികളും സാഹിത്യകാരും മേഘവർണ്ണന നടത്തി തൃപ്തരായിട്ടില്ലല്ലോ....

ഇനിയും ഒരുപാട് ഉണ്ട് മേഘങ്ങളെയും മഴവില്ലിനെയും കുറിച്ച് പറയാൻ....അതൊക്കെ വഴിയെ പറയാം.

ഇനി മഴവില്ലും മേഘവും ഒക്കെ കാണുമ്പോൾ എന്റെ കുഞ്ഞുമക്കൾ ഈ അമ്മ പറഞ്ഞു തന്ന കഥയും, പിന്നെ ഈ കാര്യങ്ങളും ഒക്കെ ഓർമ്മിക്കണേ...