പരീക്ഷിത്തിന്റെ കഥ
അഭിമന്യുവിന് ഉത്തരയിലുണ്ടായ പുത്രനാണ് പരീക്ഷിത്ത്. മൃതനായി ജനിച്ച പരീക്ഷിത്തിന് ശ്രീകൃഷ്ണൻ ജീവൻ നൽകിയെന്ന് കഥ. പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം ചെയ്തു. അതിൽ ജെനമേജയൻ, ശ്രുതസേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിങ്ങനെ നാലു പുത്രന്മാർ ഉണ്ടായതായി മഹാഭാരതം ആദിപർവ്വം 3,4,5 അദ്ധ്യായങ്ങളിൽ പറയുന്നു.
നായാട്ടിൽ അതീവ തത്പരനായിരുന്ന പരീക്ഷിത്ത്, ഒരിക്കൽ മഹാവനത്തിലെ വേട്ടയ്ക്കിടയിൽ ശമീകൻ എന്ന മഹർഷിയുടെ മുന്നിലെത്തി. ക്ഷീണിച്ച് പരവശനായ പരീക്ഷിത്ത്, മുനിയോട് എന്തോ ചോദിച്ചു. ധ്യാനത്തിൽ മുഴുകിയിരുന്ന മുനി അത് കേട്ടില്ല. രാജാവായ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ തന്നെ അപമാനിക്കങ്കയാണെന്ന് കരുതിയ പരീക്ഷിത്ത്, അടുത്ത് കണ്ട ഒരു ചത്ത പാമ്പിനെ വില്ലിന്റെ അഗ്രം കൊണ്ടെടുത്ത് മുനിയുടെ കഴുത്തിലണിയിച്ചു തിരികെ പോയി. പുറത്തു പോയിരുന്ന മുനിയുടെ മകൻ ഗവിജാതൻ(ശൃംഗി) തിരികെയെത്തിയപ്പോൾ തന്റെ പിതാവിനെ അപമാനിതനാക്കിയിരിക്കുന്ന കാഴ്ചകണ്ട് കോപാകുലനായ് ഇങ്ങനെ ശപിച്ചു, “എന്റെ പിതാവിന്റെ കഴുത്തിൽ ചത്ത പാമ്പിനെ അണിയിച്ചവൻ ആരായാലും ഇന്നേയ്ക്ക് ഏഴു ദിവസങ്ങൾക്കകം ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് മരിക്കട്ടേ”. ശാപത്തിനു ശേഷമാണ് താൻ ശപിച്ചത് അതീവ ധാർമ്മികനായ പരീക്ഷിത്തിനെയാണെന്ന് ഗവിജാതൻ മനസ്സിലാക്കുന്നത്. പരീക്ഷിത്ത് ക്ഷണനേരത്തെ മനസ്സിന്റെ ചാഞ്ചാട്ടത്തിൽ കാട്ടിയ അബദ്ധം ക്ഷമിക്കേണ്ടതായിരുന്നു. ശാപവിവരം രാജാവിനെ അറിയിക്കുന്നതിനു വേണ്ടി അദ്ദേഹം ഗൗരമുഖനെന്ന മുനികുമാരനെ പരീക്ഷിത്തിന്റെ അടുത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. ആദ്യമൊന്ന് പതറിയെങ്കിലും പരീക്ഷിത്ത് ഏതു വിധേനയും ശാപത്തിൽ നിന്ന് രക്ഷനേടാനുള്ള വഴികൾ ആലോചിച്ചു.
ഗൗരമുഖൻ പോയ ഉടനെ പരീക്ഷിത്ത് രാജപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടി തക്ഷകനിൽ നിന്ന് രക്ഷനേടാനുള്ള ഉപായങ്ങളെപ്പറ്റി ആലോചിച്ചു. ഒരു തൂണിന്റെ മുകളിൽ സകല സുരക്ഷയും ഒരുക്കിയ ഒരു മാളിക പണിത് അതിൽ രാജാവിനെ ഏഴുദിവസം സുരക്ഷിതമായി പാർപ്പിക്കാൻ തീരുമാനിച്ചു. കാറ്റുപോലും കടക്കാത്തത്ര ഭദ്രമായ ആ അറയ്ക്കുള്ളിൽ രാജാവ് ഇരുന്നു. താഴെ വിദഗ്ദ്ധരായ വിഷവൈദ്യന്മാരും മാന്ത്രികവിദ്യകളറിയാവുന്ന ബ്രാഹ്മണന്മാരും തയ്യാറായി നിന്നു. ആറു ദിവസം കഴിഞ്ഞു. ഏഴാംദിനം രാവിലെതന്നെ തക്ഷകൻ തന്റെ ദൗത്യനിർവ്വഹണത്തിനായി പുറപ്പെട്ടു. വഴിയിൽവച്ച് വിഷവൈദ്യത്തിൽ അതീവവിദഗ്ദ്ധനായ കശ്യപമഹർഷിയെ കണ്ടു. കശ്യപൻ രാജാവിനെ വിഷം തീണ്ടലിൽ നിന്ന് രക്ഷിക്കാൻ പുറപ്പെട്ടതാണ്. ഇവർ തമ്മിൽ കണ്ടു. തക്ഷകൻ തന്റെ ദൗത്യം കശ്യപനെ പറഞ്ഞു മനസ്സിലാക്കി തിരികെ അയച്ചു.
ഹസ്തിനപുരിയിലെത്തിയ തക്ഷകൻ രാജാവിനായൊരുക്കിയിരിക്കുന്ന സുരക്ഷാപദ്ധതികൾ കണ്ട് അമ്പരന്നു. വളരെ ആലോചനയ്ക്ക് ശേഷം തക്ഷകൻ ഒരു വഴി കണ്ടെത്തി. തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങൾ കൊടുത്ത് രാജസന്നിദ്ധിയിലേക്കയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിലൊന്നിൽ ഏറ്റവും ചെറിയ ഒരു പുഴുവിന്റെ രൂപത്തിൽ തക്ഷകൻ ഒളിച്ചിരുന്നു. രാജാവ് ആ പഴം ഭക്ഷിക്കുവാനായി കീറി നോക്കിയപ്പോൾ അതിനുള്ളിൽ ഈ ചെറിയ പുഴുവിനെ കണ്ടു. ഉടൻ തന്നെ തക്ഷകൻ തന്റെ ശരിയായ രൂപത്തിലേയ്ക്ക് വളരുകയും പരീക്ഷിത്തിനെ കൊല്ലുകയും ചെയ്തു.