തൂങ്ങും സ്വാമി.......
കൂട്ടുകാരേ, എനിയ്ക്ക് വായനയിലൂടെയും, ചുറ്റുപാടുകളുടെ നിരീക്ഷണത്തിലൂടെയും, കേട്ടറിവുകളിലൂടേയും മറ്റും കിട്ടിയ വളരെ പരിമിതമായ അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന കൂട്ടുകാര്‍, കമന്റിലൂടെയും മറ്റും അവരുടെ അറിവുകള്‍ ദയവായി ഇവിടെ പങ്കു വയ്ക്കുമല്ലോ... അങ്ങനെ നമുക്കെല്ലാവര്‍ക്കും കൂടി ഈ സമ്പാദ്യപ്പെട്ടി സമ്പന്നമാക്കാം...നന്ദി....
Sunday, September 18, 2011
Thursday, September 1, 2011
മുതല
കരയിലും വെള്ളത്തിലും ആയി ജീവിക്കുന്ന ജീവിയാണ് മുതല. ഏതാണ്ട് പതിനഞ്ചടിയിലേറെ വളരുന്ന ഇവയ്ക്ക് എഴുപത് വർഷത്തോളം ആയുസുമുണ്ട്. പുഴയുടെ കരയിലുള്ള മണലിൽ ഒറ്റത്തവണ മുപ്പത്തഞ്ചോളം മുട്ടയിട്ട് മൂന്നുമാസം കൊണ്ട് വിരിയിച്ചെടുക്കുന്ന ഇവ, കുഞ്ഞുങ്ങളെ സ്വന്തം വായിൽ എടുത്താണ് ആദ്യമായി വെള്ളത്തിലിറക്കുന്നത്. ഇരയെപ്പിടിച്ച്, വെള്ളത്തിനടിയിൽ വച്ചും ഭക്ഷിക്കാൻ ഇവന് കഴിയും. മാംസഭുക്കുകളായ ഇവയ്ക്ക് ഇരുപത്തിനാല് പല്ലുകൾ ഉണ്ട്. ജീവിതത്തിലുടനീളം ഈ പല്ലുകൾ പൊഴിയുകയും പുതിയവ കിളിർക്കുകയും ചെയ്യും.
മുതലക്കണ്ണീർ
മുതലയുടെ വായുടെ തൊട്ടടുത്താണ് അവയുടെ കണ്ണുകൾ. വായ നന്നായി തുറക്കുമ്പോൾ കണ്ണുകളിൽ മർദ്ദമേറുകയും കണ്ണീർ വരികയും ചെയ്യും. ചില സമയത്ത് ഇളം ചൂടിൽ വെറുതേ വായ നന്നായി തുറന്ന് മുതലകൾ കിടക്കുന്നത് കണ്ടിട്ടില്ലേ..... ഇരകളെ കെണിയിൽ വീഴ്ത്താനും വിയർപ്പ് പുറം തള്ളാനുമാണിത്. അപ്പോഴും അവയുടെ കണ്ണിൽ നിന്ന് കണ്ണീർ പൊഴിയുന്നുണ്ടാവും.
യാതൊരു മനഃപ്രയാസമോ സങ്കടമോ ഇല്ലാതെ കണ്ണീർ പൊഴിക്കുന്നതിനെയാണ് ഇത്തരത്തിൽ മുതലക്കണ്ണീർ എന്ന് പറയുന്നത്.
ഇനി നമുക്ക് ഇവന്റെ വീഡിയോ കാണാം...
ഇനി നമുക്ക് ഇവനെ ഒന്ന് വരയ്ക്കാൻ ശ്രമിച്ചാലോ....
Monday, August 1, 2011
പഞ്ചതന്ത്രം കഥകൾ
ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഥാരൂപത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടി പ്രാചീനകാലത്ത് ഭാരതത്തിൽ വിഷ്ണുശർമ്മാവ് എന്ന പണ്ഡിതൻ രചിച്ച അതിവിശിഷ്ടമായ ഗ്രന്ഥമാണ് പഞ്ചതന്ത്രം.
ഇതിന്റെ ഉത്ഭവത്തെപ്പറ്റി ആമുഖത്തിൽ തന്നെ ഇങ്ങനെയൊരു പ്രസ്താവന ഉണ്ടത്രേ, “അമരശക്തി എന്ന ചക്രവർത്തിയ്ക്ക് മൂന്നു പുത്രന്മാർ ജനിച്ചു. എന്നാൽ മൂന്നുപേരും ശുദ്ധമഠയന്മാരായിരുന്നു. ചക്രവർത്തി അവരെപ്പറ്റി ഓർത്ത് വളരെയധികം വ്യസനിച്ചു. തന്റെ കാലശേഷം രാജ്യം ഭരിക്കേണ്ട ഇവർ ഇങ്ങനെയായാൽ...... അവരെ നന്നാക്കിയെടുക്കാൻ ഒരു വഴിയും കണ്ടില്ല.
ഒടുവിൽ നിരാശനായ അമരശക്തി രാജസഭ വിളിച്ചുകൂട്ടി വിവരം ധരിപ്പിച്ചു. സഭാവാസികളിൽ സുമതി എന്നു പേരായ ഒരു വിദ്വാൻ എഴുന്നേറ്റ് നിന്ന് ചക്രവർത്തിയെ ഇപ്രകാരം അറിയിച്ചു. 'കുട്ടികളെ ഓരോ ശാസ്ത്രമായി പഠിപ്പിക്കാൻ നോക്കിയിട്ടു കാര്യമില്ല. അത് നീരസജനകമാണ്. മാത്രമല്ല വളരെ കാലം വേണ്ടി വരുകയും ചെയ്യും. എല്ലാം കൂട്ടിക്കുഴച്ച് പലഹാരരൂപത്തിൽ കുറേശെയായി പകർന്നു കൊടുത്താൽ അതാണ് ഉത്തമം. അതിന് പ്രാപ്തനായ ഒരാൾ നമ്മുടെ രാജ്യത്തു തന്നെയുണ്ട്. സർവ്വശാസ്ത്രവിശാരദനും സഹൃദയാഗ്രേസരനും ശിശുലാളനാവിദഗ്ദ്ധനുമായ ഒരു ആചാര്യൻ. വിഷ്ണുശർമ്മൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ചക്രവർത്തികുമാരന്മാരെ വിദ്വാന്മാരാക്കിത്തീർക്കുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല.'
ഇതു കേട്ടയുടനേ രാജാവ് വിഷ്ണുശർമ്മനെ ആളയച്ചു വരുത്തി. വസ്തുതകളൊക്കെ വഴിപോലെ ധരിപ്പിച്ചു. ശിഷ്യന്മാരുടെ സ്വഭാവവും പിതാവിന്റെ ആഗ്രഹവും വിശദമായി ഗ്രഹിച്ച ശേഷം വിഷ്ണുശർമ്മാവ് അവരെ കൈയ്യേറ്റു. ആറുമാസം കൊണ്ട് അദ്ദേഹം അനേകം കഥകൾ പറഞ്ഞ് കുട്ടികളെ രാജ്യതന്ത്രം പഠിപ്പിച്ചു. ആ കഥാ സമാഹാരമാണ് പഞ്ചതന്ത്രം"
പഞ്ചതന്ത്രത്തിൽ അഞ്ചു ഭാഗങ്ങൾ അഥവാ അഞ്ചു തന്ത്രങ്ങൾ ഉൾപ്പെടുന്നു. ഓരോ തന്ത്രത്തിലും രാഷ്ട്രീയ തത്വങ്ങൾ അടങ്ങിയ അനേകം കഥകൾ വീതം ഉണ്ട്. ഓരോ കഥയിലും പദ്യങ്ങളും ഗദ്യങ്ങളും കാണാം.
മിത്രഭേദം എന്നാണ് ഒന്നാമത്തെ തന്ത്രത്തിന്റെ പേര്. മിത്രഭേദത്തിൽ ഉള്ള കഥകളിൽ കൂടി ഭിന്നിപ്പിച്ചു ഭരിയ്ക്കുക (Divide and Rule) എന്ന രാഷ്ട്രീയതത്ത്വം പ്രകടമാക്കിയിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങൾ കരടകൻ എന്നും ദമനകൻ എന്നും പേരായ രണ്ടു കുറുക്കന്മാരാണ്. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു സിംഹത്തെയും കാളയെയും തമ്മിൽ പലവിധ ഏഷണികൾ പറഞ്ഞു ഭിന്നിപ്പിച്ച് കുറുക്കന്മാർ സ്വയം ആനന്ദിച്ചു കാര്യം നേടുന്ന കഥകളാണ് മിത്രഭേദത്തിലെ പ്രതിപാദ്യം.
മിത്രലാഭം ആണ് രണ്ടാമത്തെ തന്ത്രം. ശരിയായി വിവേചിച്ചറിഞ്ഞ ശേഷമേ അന്യരെ മിത്രങ്ങളാക്കാൻ പാടുള്ളൂ എന്ന തത്ത്വമാണ് ഈ തന്ത്രത്തിലെ പ്രതിപാദ്യം. ഈ തന്ത്രം വിശദമാക്കുന്നതിന് കഥാപാത്രങ്ങളായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത് ആമ, മാൻ, കാക്ക, എലി എന്നീ നാലു ജീവികളെയാണ്.
കാകോലൂകീയം ആണ് മൂന്നാമത്തെ തന്ത്രം. പ്രകൃത്യാ ശത്രുക്കളായിരിക്കുന്നവർ മിത്രങ്ങളായിത്തീർന്നാലുള്ള ദൂഷ്യവശങ്ങളാണ് ഈ തന്ത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ കാക്കയും മൂങ്ങയുമാണ്.
ലബ്ധപ്രണാംശം എന്നതാണ് നാലാമത്തെ തന്ത്രം. കൈയ്യിൽ കിട്ടിയത് നഷ്ടപ്പെടുന്നവിധം ഇതിൽ വിശദമാക്കുന്നു. ഒരു കുരങ്ങനും ഒരു ചീങ്കണ്ണിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
അപരീക്ഷിതകാരിതം എന്ന അഞ്ചാമത്തെ തന്ത്രത്തിൽ, ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ എല്ലാ വശങ്ങളും ചിന്തിക്കാത്തതു കൊണ്ടുള്ള ദോഷവശങ്ങളെ പറ്റി പറയുന്നു.
ഡക്കാൺ പ്രദേശത്തുള്ള മഹിളാരോപ്യം എന്ന രാജ്യത്തിന്റെ ഭരണാധിപനായിരുന്നു അമരശക്തിയെന്ന് പലയിടത്തും പറഞ്ഞു കാണുന്നു. കാലഗണനയും തർജ്ജമാ കാലങ്ങളും ഒക്കെ വച്ചു നോക്കുമ്പോൽ ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിലായിരിക്കണം ഇതിന്റെ രചന എന്ന് അനുമാനിക്കാം.
ഇന്ന് പഞ്ചതന്ത്രത്തിന്റെ രണ്ട് രൂപങ്ങൾ പ്രചാരത്തിലുണ്ട്. ഒന്നാമത്തേത് കാശ്മീരിൽ പ്രചാരത്തിലുള്ള തന്ത്രാഖ്യായിക എന്ന രൂപം. രണ്ടാമത്തേത് ബൃഹൽ കഥാമഞ്ജരിയിലും കഥാസരിത്സാഗരത്തിലും കാണപ്പെടുന്ന രൂപമാണ്. ഇതിന്റെ സംസ്കൃത മൂലരചന ഇന്ന് ലഭ്യമല്ല.
ഒരു കീരിയുടെ കഥ....അനുബന്ധം
പാമ്പിന്റെ പ്രധാന ശത്രുവായാണ് കീരി അറിയപ്പെടുന്നത്. നീണ്ട കൈകാലുകളും നീണ്ട മുഖവും വാലുമൊക്കെയുള്ള തവിട്ടു നിറത്തിലുള്ള സുന്ദരനാണ് കീരി. പുറം കാലിൽ എഴുന്നേറ്റ് നിന്ന് പരിസരവീക്ഷണം നടത്തുന്ന കീരി തികഞ്ഞ ഒരു മാംസഭുക്കാണ്. പ്രാണികളും വണ്ടുകളും തവളകളും പാമ്പുകളും ഒക്കെ ഇവന് പഥ്യമാണ്. എന്നാൽ അത്യാവശ്യത്തിന് സസ്യാഹാരവും നിവൃത്തിയില്ലെങ്കിൽ അകത്താക്കുന്നതിന് വലിയ പരാതിയും ഇല്ല. മിക്കവാറുമൊക്കെ മണ്ണിലെ പൊത്തുകളിൽ (ദ്വാരങ്ങളിൽ) ജീവിക്കുന്ന ഇവന്റെ ചലനം വളരെ ദ്രുതഗതിയിലുള്ളതാണ്. അതു തന്നെയാണ് പാമ്പിന്റെ കടിയിൽ നിന്ന് ഇവനെ രക്ഷിക്കുന്ന ഒരു കാരണം.
350 ഗ്രാം മുതൽ 5 കിലോഗ്രാം വരെ ഭാരമുള്ള വിവധയിനം കീരികൾ ലോകത്തുണ്ട്. ഇവന്റെ കൈകാലുകളിലെ നഖങ്ങൾ എപ്പോഴും പുറത്തുതന്നെയിരിക്കും. അതായത് പൂച്ചയെപ്പോലെ ഉള്ളിലേയ്ക്ക് വലിക്കാൻ കഴിയില്ല. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ഓടുന്ന കീരിയ്ക്ക് 20 വർഷം വരെ ആയുസ്സുണ്ടത്രെ. വർഷത്തിലൊരിക്കൽ പ്രസവിക്കുന്ന കീരിയുടെ ഒരു പ്രസവത്തിൽ സാധാരണ നാലു കുഞ്ഞുങ്ങൾ വരെ കാണും.
തന്നെക്കാൾ നാലിരട്ടി വലുപ്പമുള്ള പാമ്പിനെപ്പോലും ഇവൻ കൊന്നുകളയും.
പാമ്പിനെ കൊല്ലുന്ന കീരിയെ കാണാം....
ഇനി പതിവു പോലെ നമുക്ക് ഒരു കീരിയെ വരയ്ക്കാൻ പഠിക്കാം...
Friday, July 1, 2011
മല്ലനും മാതേവനും....അനുബന്ധം.....
ലോകത്താകെ കണ്ടു വരുന്ന ഒരു മൃഗമാണ് കരടി. ഉഷ്ണ മേഖലയിലും ഹിമത്തിലും ഒക്കെ കരടിയെ കാണാം. വിശാലമായി തരം തിരിച്ചാല്‍ അഞ്ചിനം കരടികളാണ് ഉള്ളത്. അലാസ്കയില്‍ കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മാംസഭുക്കായ അലാസ്ക്കന്‍ ബ്രൌണ്‍ കരടിക്ക് ഏതാണ്ട് 770 കിലോഗ്രാം ഭാരം ഉണ്ട്. അതേ സമയം പാണ്ട ഇനത്തില്‍ പെട്ട കരടി കുഞ്ഞ് ജനിക്കുമ്പോള്‍ ഒരു എലിയുടെ അത്രേം വലിപ്പം മാത്രമേ ഉണ്ടാവൂ.
അന്റാര്‍ട്ടിക്കയിലും മറ്റും കണ്ടു വരുന്ന ധ്രുവക്കരടിയുടെ ഒരേയൊരു ശത്രു മനുഷ്യനാണ്. മാംസത്തിനും രോമത്തിനും മറ്റുമായി മനുഷ്യന് ഇവയെ വേട്ടയാടി, ഇപ്പോള്‍ ഇത് വംശനാശത്തിന്റെ വക്കിലാണ്. നല്ല നീന്തല്‍ക്കാരായ ധ്രുവക്കരടി ഒറ്റയടിക്ക്, അതായത് വിശ്രമമില്ലാതെ 60 മൈലുകളോളം നീന്താന്‍ കഴിവുള്ളവയാണ്.
നമ്മുടെ കേരളത്തിലെ വനങ്ങളിലും കരടിയെ കാണാനാകും. മുന്നില്‍ ചെന്നു പെട്ടാല്‍ വളരെ അപകടകാരിയാണ്. മനുഷ്യനെക്കാള്‍ വലിയ ശരീരവും ശക്തിയേറിയ കൈകളുമുള്ള ഇവ അക്രമകാരികളാണ്.
കരടി പൊതുവേ മനുഷ്യനുമായി പെട്ടെന്ന് ഇടപഴകാത്ത മൃഗമാണ്.
ഇനി നമുക്ക് കുറെ പാണ്ട കുഞ്ഞുങ്ങളെ കാണാം
ഇനി ഒരു ടേഡി ബെയറിനെ വരച്ചു നോക്കിയാലോ....
Friday, April 1, 2011
ആനയും തയ്യല്‍ക്കാരനും....അനുബന്ധം....
ആകൃതിയിലും ശരീരഘടനയിലും വേറിട്ട് നില്ക്കുന്ന ആന, കരയിലെ ഏറ്റവും വലിയ മൃഗമാണ്. മനുഷ്യന് മെരുക്കി വളര്‍ത്തിയ മൃഗങ്ങളില്‍ ഏറ്റവും അനുസരണയും കൂറും ഉള്ളത് ആനയ്ക്ക് തന്നെ. എക്കാലവും ഐശ്വര്യത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായിരുന്നു ആന. കേരളത്തില്‍ പ്രത്യേകിച്ച്. മഹാഭാരതയുദ്ധത്തിന്റെ കാലഘട്ടത്തില്‍ തന്നെ ആനയ്ക്ക് എത്രമാത്രം സ്ഥാനമുണ്ടായിരുന്നു എന്നതില്‍ നിന്ന് ആനയെ മനുഷ്യന് സഹചാരിയാക്കിയിട്ട് എത്രയോ കാലമായി എന്ന് നമുക്ക് മനസ്സിലാക്കാം.
പ്രധാനമായും രണ്ട് വര്‍ഗ്ഗത്തിലുള്ള ആനയാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ഏഷ്യന്‍ ആനയും പിന്നെ ആഫ്രിക്കന്‍ ആനയും. ആഫ്രിക്കന്‍ ആനയ്ക്ക് ഏഷ്യന്‍ ആനയെക്കാള്‍ വലിപ്പവും ഭാരവും കൂടുതലാണ്. ആഫ്രിക്കന്‍ ആനകളിലെ പിടിയാനകള്‍ക്കും (പെണ് ആന) കൊമ്പുണ്ട്, നമ്മുടെ ആനകളില്‍ പിടിയാനയ്ക്ക് കൊമ്പില്ല, കൊമ്പുള്ളതുകൊണ്ട് ആണ് ആനയെ നമ്മള് കൊമ്പന് എന്ന് വിളിക്കുന്നു. ആഫ്രിക്കന്‍ ആനയ്ക്ക് ചെവികളും കൊമ്പുകളും ഏഷ്യന്‍ ആനയെക്കാള്‍ വലുതാണ്. പക്ഷേ, മുഖത്തിന്റെ വലിപ്പം, മൊത്തം ശരീരവുമായി നോക്കുമ്പോള്‍ ചെറുതാണ്. നമ്മുടെ കൊമ്പന്റെ തലയെടുപ്പ് ആഫ്രിക്കന്‍ ആനയ്ക്ക് ഇല്ല എന്നര്‍ത്ഥം. ആഫ്രിക്കന്‍ ആനയുടെ നടുഭാഗം താഴ്ന്നിരിക്കും.
ആഫ്രിക്കന്‍ ആന
കേരളത്തിലെ ആന
നമ്മുടെ ഭാരതത്തില്‍, കേരളത്തിനു പുറമേ കര്‍ണ്ണാടകം, തമിഴ്നാട്, ബീഹാര്‍, ആസ്സാം എന്നിവിടങ്ങളിലാണ് ആനകളെ കാണുന്നത്. എന്നാല്‍ രൂപഭംഗിയില്‍ മികച്ചവര്‍ കേരളത്തിലുള്ളവര്‍ തന്നെ.
ആനയ്ക്ക് കാഴ്ചശക്തി വളരെ കുറവാണ്. ഘ്രാണശക്തിയും കേള്‍വിശക്തിയും വളരെ മികച്ചതുമാണ്. ആനയ്ക്ക് സാധാരണയായി എട്ട് പല്ലുകളാണുള്ളത്. ജീവിതത്തില്‍ ആറ് പ്രാവശ്യം പല്ല് പുതുതായി ഉണ്ടാകുന്നു. വായുടെ ഉള്‍ഭാഗത്ത് പുതിയ പല്ലുകള്‍ ഉണ്ടാകുമ്പോള്‍ മുന്‍പിലുള്ള പല്ലുകള്‍ വീണ്ടും മുന്നിലേയ്ക്ക് നീങ്ങുകയും പിന്നെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. എന്നാല്‍ ഏതാണ്ട് നാല്പത് വയസ്സില്‍ മുളയ്ക്കുന്ന ആറാം സെറ്റ് പല്ല് അവന്റെ അവസാനകാലം വരെയും നിലനില്ക്കുന്നു.
ആനയുടെ നാക്ക് പുറത്തേക്ക് നീട്ടുവാന്‍ സാധിക്കുകയില്ല. എപ്പോഴും വെള്ളം ഇഷ്ടപ്പെടുന്ന ഇവന് നല്ല നീന്തല്ക്കാരന് കൂടിയാണ്. മണിക്കൂറില്‍ ഏതാണ്ട് നാലു കിലോമീറ്റര്‍ വേഗത്തില്‍ നടക്കുകയും 25 കിലോമീറ്റര്‍ വേഗത്തില്‍ ഓടുകയും ചെയ്യുന്ന ആന ദിവസവും ഏതാണ്ട് 250 ലിറ്റര്‍ വെള്ളന് അകത്താക്കുന്നു.
തികഞ്ഞ സസ്യാഹാരിയായ ആനയ്ക്ക് ദിവസവും അതിന്റെ ശരീരഭാരത്തിന്റെ അഞ്ച് ശതമാനത്തിന് തുല്യമായ തൂക്കം പച്ചത്തീറ്റ വേണമെന്നാണ് കണക്ക്. സാധാരണ മൂന്ന് മണിക്കൂറോളം മാത്രമേ ആന ഉറങ്ങാറുള്ളൂ. ബാക്കി സമയം മിക്കവാറും തീറ്റ തന്നെയായിരിക്കും അവന്. കൂടുതലും നാരുള്ള ഭക്ഷണമാണ് ആന കഴിക്കുന്നത്, പക്ഷേ ശരീരവലുപ്പത്തിനൊത്തതല്ലാത്ത തീരെ ചെറിയ വായില്‍ കുറച്ചു കുറച്ചായാണ് അവന്റെ ഭക്ഷണം. നന്നായി ചവച്ചരച്ച് കഴിക്കാത്തതു കൊണ്ട് കഴിക്കുന്നതിന്റെ ഏതാണ്ട് 60ശതമാനം ദഹിക്കാതെ വിസര്‍ജ്ജിക്കപ്പെടുന്നു. ആനപ്പിണ്ടത്തില്‍ നാരുകള്‍ കാണുന്നത് അതുകൊണ്ടാണ്.
ഏതാണ്ട് 15 വയസ്സോടെ പ്രായപൂര്‍ത്തിയാകുന്ന ആനയുടെ ഗര്‍ഭകാലം 24 മാസമാണ്. ജനിച്ച് ഏതാണ്ട് ആറു മാസം ആയാലേ ആനക്കുട്ടിക്ക് തുമ്പിക്കൈയില്‍ വെള്ളമെടുത്ത് കുടിക്കാന്‍ പറ്റൂ. ആനയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 70 വര്‍ഷമാണ്.
നമ്മുടെ നാട്ടില്‍ 1973 ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ആനയെ വന്യജീവികളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ആനയുടമകളും പാപ്പാന്മാരും ചില നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമാണ്.
നമ്മുടെ നാട്ടില്‍ തടിപിടിക്കല്‍ മുതല്‍ ഉത്സവ എഴുന്നള്ളിപ്പ് വരെ എല്ലായിടത്തും ആന ഒരു താരം തന്നെയാണ്.
ഒരു കുസൃതികുട്ടനെ നമുക്ക് കാണാം.
ഇനി ഒരു ആനയെ വാരയ്ക്കാന്പഠിക്കാം അല്ലേ...
Tuesday, March 1, 2011
ആമയുടെ ബുദ്ധി .... അനുബന്ധം....
ഭൂമുഖത്ത് ആമകള്‍ ഉണ്ടായിട്ട് 20 കോടി വര്‍ഷങ്ങളായെന്നാണ് പറയപ്പെടുന്നത്. സസ്തനികളും പക്ഷികളും പാമ്പുകളും പല്ലികളും ഒക്കെ ഉണ്ടാവുന്നതിനും വളരെ മുന്‍പ് എന്നര്‍ഥം. ആദ്യകാലത്ത് ആമകള്‍ക്ക് വലിയ പല്ലുകള്‍ ഉണ്ടായിരുന്നത്രേ. അതല്ലാതെ ഇന്നത്തെ ആമകളുമായി വലിയ രൂപവ്യത്യാസമൊന്നും അവയ്ക്ക് ഇല്ലായിരുന്നെന്നാണ് ശാസ്ത്രകാരന്മാര് പറയുന്നത്.
175 വര്‍ഷം വരെ ജീവിച്ച ആമകള്‍ ഉണ്ട്. ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്റിലെ മൃഗശാലയിലെ ഹാരിയറ്റ് എന്ന ആമ 2006 ജൂണ്‍ 23 ന് മൃതിയടഞ്ഞപ്പോള്‍ അതിന് 176 വയസ്സുണ്ടായിരുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കെ അമേരിക്കയിലാണ് ഏറ്റവും അധികം ഇനം ആമകള്‍ ഉള്ളത്. എന്നാല്‍ യൂറോപ്പില്‍ ആകെ രണ്ടിനം കടലാമകളും മൂന്നിനം ആമകളും മാത്രമാണുള്ളത്. 
തീരെ ചെറിയ ആമകള്‍ മുതല്‍ വളരെ ഭീമാകാരന്മാര്‍ വരെ ഇവന്റെ കുടുംബത്തില്‍ ഉണ്ട്. പല രാജ്യങ്ങളിലും ആമയെ വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്നുണ്ട്.


തീരെ ചെറിയ ആമകള്‍ മുതല്‍ വളരെ ഭീമാകാരന്മാര്‍ വരെ ഇവന്റെ കുടുംബത്തില്‍ ഉണ്ട്. പല രാജ്യങ്ങളിലും ആമയെ വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്നുണ്ട്.

അറുപതോളം അസ്ഥികള്‍ ചേര്‍ന്നതാണ് ആമയുടെ തോട്. അതിനു മുകളില്‍ കട്ടിയുള്ള ചര്‍മ്മത്തിന്റെ ആവരണവുമുണ്ട്. നല്ല കാഴ്ച ശക്തിയും ഘ്രാണശക്തിയും ഉള്ള ആമയുടെ തോടിനു പുറത്തു പോലും നാഡികളുടെ അഗ്രമുണ്ട്.
ഇനി ഇവന്റെ കുളി കാണാം...
ഒരു കുസൃതിക്കാരന്‍ നായയുമൊത്ത് കളിക്കുന്നത് കണ്ടോ...
ഇനി പതിവുപോലെ നമുക്ക് ഒരു ആമയെ വരയ്ക്കാന്‍ പഠിക്കാം, അല്ലേ
Tuesday, February 1, 2011
ചന്ദനും, ചന്തുവും ....... അനുബന്ധം.......
മനുഷ്യന് മെരുക്കി വളര്‍ത്തിയ മൃഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആട്. പശുവിനെപ്പോലെ മനുഷ്യന് പാല് തരുന്ന മൃഗമാണ് ആട്. പശുവിന്റെതിനെക്കാള് ഔഷധഗുണമുള്ളതാണ് ആടിന്റെ പാല് . ഈജിപ്താണ് ആടിന്റെ ജന്മനാടെന്ന് കരുതുന്നു.
ലോകത്ത് ഏതാണ്ട് 210 ഇനത്തിലുള്ള ആടുകളുണ്ട്. ലോകത്ത് ആകെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാല് ആടിന്റെതു തന്നെ. അഞ്ച് മാസമാണ് ആടിന്റെ ഗര്‍ഭകാലം. മിക്കവാറും ഒരു പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളുണ്ടാവും. 15 വര്‍ഷമാണ് ആടിന്റെ ശരാശരി ആയുസ്സ്. ആഹാരകാര്യത്തില്‍ വളരെ നിഷ്കര്‍ഷത പുലര്‍ത്തുന്നവയാണ് ആടുകള്‍. കൂടുതലും ഔഷധഗുണമുള്ള സസ്യങ്ങളാണ് ആടുകള്‍ ഭക്ഷിക്കുന്നത്. നാല് അറകളുള്ള വയറാണ് ആടിന്റേത്. അതിനാല്‍ ഒറ്റയടിക്ക് വളരെയധികം ഭക്ഷണം അകത്താക്കാന്‍ ഇവന് കഴിയും. പിന്നീട് ആഹാരം തിരികെ വായിലെത്തിച്ച് ചവച്ചരച്ച് വിഴുങ്ങും. (chewing the cud).
ആട്ടിന്‍പാലിലെ കൊഴുപ്പിന്റെ തന്മാത്രകള് വലിപ്പത്തില്‍ പശുവിന് പാലിന്റെതിന്റെ അഞ്ചിലൊന്നേ ഉള്ളൂ. പശുവിന് പാല് ദഹിക്കാന്‍ ഏതാണ്ട് ഒരു മണിക്കൂറെടുക്കുമ്പോള്‍ ആട്ടിന്പാല് 20 മിനിട്ടോളമേ എടുക്കുകയുള്ളൂ.
മനുഷ്യന് പാലിനു പുറമേ കമ്പിളി (ചെമ്മരി ആടിന്റെ രോമം), തോല്, മാംസം മുതലായവ ആടില്‍ നിന്ന് കിട്ടുന്നു.
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്ഷണം ആട്ടിന്‍ പാല് ആയിരുന്നു.
ഇനി നമുക്ക് ചിലയിനം ആടുകളെ പരിചയപ്പെടാം. കഥയിലെപ്പോലെതന്നെ ആടുകള്‍ ഏറ്റുമുട്ടുന്നത് നമ്മള് കണ്ടിട്ടില്ലേ...
ഇത് കുഞ്ഞന്മാരുടെ കളി....
മയിലിനോടാണോ കളി...
ഇനി, പതിവു പോലെ നമുക്ക് ആടിനെ വരയ്ക്കാന്‍ പഠിക്കാം...
ഇനി നമ്മുടെ കുറുക്കച്ചാരെക്കുറിച്ചറിയണ്ടേ....
Saturday, January 1, 2011
കുറുക്കന്റെ കഥ....
കുറുക്കന് ശരിക്കും നായയുടെ കുടുംബത്തില്‍പ്പെട്ട രാത്രീഞ്ചരന്മാരാണ് കുറുക്കന്മാര്. ഏതാണ്ട് 21 ഇനത്തില്‍പ്പെട്ട കുറുക്കന്മാരുണ്ടെന്നാണ് കണക്ക്. മുയലുകള്‍ പോലെയുള്ള ചെറിയ സസ്തനികളെയും, പക്ഷികളെയും ഒക്കെയാണ് ഇവന്റെ പ്രധാന ഭക്ഷണം. ചിലപ്പോള്‍ തനി സസ്യാഹാരവും ഇവന് ഇഷ്ടം തന്നെ. പൊതുവേ വളരെ ബഹളക്കാരനൊന്നുമല്ലാത്ത ഇവന് വളരെ സൂത്രശാലിയാണ്. ഏതാണ്ട് ഒരു വലിയ പൂച്ചയോളം വലിപ്പമുള്ള ചുവന്ന കുറുക്കനാണ് നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരുന്നത്. ഏതാണ്ട് 353 – 45 ഇഞ്ച് പൊക്കം വയ്ക്കുന്ന ഇവയ്ക്ക് ഉദ്ദേശ്യം 7 കിലോഗ്രാമോളം ഭാരമാണുള്ളത്.

പത്തുമാസം പ്രായമാകുമ്പോള്‍ പ്രായപൂര്‍ത്തിയാകുന്ന ഇവ 50-60 ദിവസത്തെ ഗര്‍ഭകാലത്തിനൊടുവില്‍ 4-5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. വനത്തില്‍ 4-5 വര്‍ഷം മാത്രം ശരാശരി ആയുസ്സുള്ള കുറുക്കന് മൃഗശാലയിലും മറ്റും 10-15 വര്‍ഷത്തെ ആയുസ്സുണ്ട്.
മണിക്കൂറില്‍ 50 കിലോമീറ്ററോളം വേഗത്തില്‍ ഓടാന്‍ ഇവനു കഴിയും. അപാരഘ്രാണശക്തിയും കുറുക്കനുണ്ട്.
ജപ്പാനില്‍ കുറുക്കന് വളരെ പവിത്രമായ മൃഗമാണ്.
സുന്ദരക്കുട്ടന്മാരായ കുറുക്കന് കുട്ടന്മാരെ ഒന്നു കാണാം
നമുക്കിവനെ ഒന്ന് വരയ്ക്കാന്‍ ശ്രമിക്കാം
ഇനി നമുക്ക് നമ്മുടെ മിടുക്കനായ മുയലിനെക്കുറിച്ച് ചിലത് മനസ്സിലാക്കാം. നമ്മുടെ വീട്ടില്‍ ഓമനയായി വളര്‍ത്തുന്ന മുയലിനെ കഥാപാത്രമാക്കി ഒരുപാട് കഥകള്‍ മുത്തശ്ശിമാര്‍ പറഞ്ഞു തന്നിട്ടില്ലേ. മുയലിന്റെ പല്ലുകള്‍ എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കും. ഏതാണ്ട് ഒരു മാസത്തോളം ഗര്‍ഭകാലമുള്ള മുയലിന്റെ പരമാവധി ആയുര്‍ദൈഘ്യം പത്ത് വര്‍ഷമാണ്. വളരെ ഉയരത്തിലും ദൂരത്തിലും ചാടാന്‍ മുയലിനു കഴിയും.
ഇനി ഒരു സുന്ദരക്കുട്ടനെ കാണാം...
നമുക്കൊരു മുയലിനെ വരയ്ക്കാന്‍ ശ്രമിച്ചാലോ
Subscribe to:
Posts (Atom)